ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ
ദമ്മാം: കോവിഡ് പ്രതിസന്ധിയിൽ അടച്ചിടേണ്ടിവന്ന സൗദി അറേബ്യയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുകളും തുറക്കുന്നു. ഇന്ത്യൻ എംബസിയുടെ കീഴിൽ രാജ്യത്ത് 10 ഇൻറർനാഷനൽ സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. 18 മാസത്തെ ഇടവേളക്ക് ശേഷമാണ് സ്കൂളിലേക്ക് കുട്ടികൾ എത്തുന്നത്. സെപ്റ്റംബർ 12ന് രാവിലെ 7.45ന് 12ാം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഉച്ച 12.45വരെയാണ് ക്ലാസ്. 13ാം തീയതി 11ാം ക്ലാസ് വിദ്യാർഥികൾക്കും ക്ലാസുകൾ ആരംഭിക്കും. 10ാം ക്ലാസുകാർക്ക് 20ാം തീയതി മുതലേ ക്ലാസുകൾ ആരംഭിക്കൂ. 21ന് ഒമ്പതാം ക്ലാസുകാർക്കും പഠനം ആരംഭിക്കും. മറ്റ് ക്ലാസുകാർക്ക് ഓൺലൈൻ പഠനം തുടരും. ഏറെ കരുതലോടെയും സൂക്ഷ്മതയോടെയും കൂടിയാണ് കുട്ടികളെ ക്ലാസ് റൂമുകളിലിരുത്തി അധ്യയനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്കൂളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലും നിർദേശത്തിലുമാണ് സ്കൂൾ തുറക്കുന്നതിനുള്ള സുരക്ഷാനടപടികൾ പൂർത്തിയാക്കുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സ്കൂൾ അങ്കണത്തിലേക്ക് കുട്ടികൾ എത്തുന്ന ആഹ്ലാദപൂർണമായ നിമിഷങ്ങളെ സ്വീകരിക്കാൻ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
20 കുട്ടികളെയാണ് ഒരു ക്ലാസിൽ ഇരുത്തുക. ക്ലാസിനുള്ളിൽ കുട്ടികൾക്കിടയിൽ രണ്ട് മീറ്റർ അകലം പാലിക്കും. ക്ലാസിലും സ്കൂൾ കോമ്പൗണ്ടിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. കുട്ടികൾക്ക് മാസ്കുകളും സാനിറ്റൈസറും കൊടുത്തുവിടാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പ്രിൻസിപ്പൽ നിർദേശിച്ചു. കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച കുട്ടികളെ മാത്രമേ സ്കൂളിൽ പ്രവേശിപ്പിക്കൂ. പനിയോ അതുപോലുള്ള മറ്റ് ലക്ഷണങ്ങളോ ഉള്ള കുട്ടികളെ ഒരുകാരണവശാലും സ്കൂളിലയക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. സ്കൂൾ പ്രവേശന ദിവസം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച സർട്ടിഫിക്കറ്റ് സ്കൂളിൽ ഹാജരാക്കണം. സ്കൂളിലെ കാൻറീൻ പ്രവർത്തിക്കുന്നതല്ല. കുട്ടികൾ പരസ്പരം ആഹാരം പങ്കിടുന്നതും വിലക്കുമെന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. സൗദി വിദ്യാഭ്യാസ മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്ന സ്കൂളുകളിലാണ് പഠനം ആരംഭിക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സൗദി അധികൃതരുടെ ജാഗ്രതാപൂർണമായ ശ്രമങ്ങളുടെ തെളിവുകൂടിയാണ് സ്കൂളുകൾ തുറക്കാനുള്ള നീക്കം. പരീക്ഷണമെന്ന നിലയിലാണ് മുതിർന്ന ക്ലാസിലെ കുട്ടികളെ സ്കൂളിലേക്ക് വരുത്തുന്നത്. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ കഴിഞ്ഞതാണ് സ്കൂൾ തുറക്കുന്ന ഘട്ടത്തിലെ ആദ്യവിജയം. എന്നാൽ, തെറ്റിദ്ധാരണകളുടെ പേരിൽ ഇനിയും വാക്സിൻ സ്വീകരിക്കാത്തവർ വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.