ഷഫീഖ് പാണക്കാടൻ ജബലുന്നൂർ മല കയറുന്നു, 2. മല കയറയിറങ്ങിയ ശേഷം ജബുന്നൂറിെൻറ ചുവട്ടിൽ
മക്ക: ‘ജബലുന്നൂർ’ എന്ന മലയുടെ 640 മീറ്റർ ഉയരം ഒറ്റക്കാലിൽ നടന്നുകയറി വിസ്മയം തീർത്ത് ഭിന്നശേഷിക്കാരനായ ഇന്ത്യൻ ഫുട്ബാൾ താരം. ദിവ്യപ്രബോധനത്തിന്‍റെ ആദ്യവെളിച്ചം പരത്തിയ ഹിറ ഗുഹയെ നെഞ്ചിൽ പേറി ചരിത്രപ്രസിദ്ധി നേടിയ പുണ്യനഗരത്തിലെ ‘ജബലുന്നൂർ’ (പ്രകാശ മല) ഫുട്ബാൾ താരം മലപ്പുറം ചേളാരി പടിക്കൽ സ്വദേശി ഷഫീഖ് പാണക്കാടൻ നടന്നുകയറി കീഴടക്കിയത്. റമദാനിലെ അവസാന പത്തിൽ ഉംറ തീർഥാടനത്തിനെത്തിയപ്പോഴാണ് ഖുർആൻ അവതരിച്ച ഹിറ ഗുഹ സ്ഥിതി ചെയ്യുന്ന ജബലുന്നൂർ കാണുകയും കീഴടക്കുകയും ചെയ്യുക എന്ന തന്റെ ചിരകാലാഭിലാഷം സാഹസികമായി പൂവണിയിച്ചത്.
34 കാരനായ ഷഫീഖ് 2004-ൽ 10-ാം ക്ലാസ് കഴിഞ്ഞ സമയത്താണ് റോഡരികിലൂടെ നടന്ന് പോകവെ ടാങ്കർ ലോറി ഇടിച്ച് ഒരു കാൽ നഷ്ടപ്പെട്ടത്. പിന്നീട് ആത്മവിശാസം കൈവിടാതെ മുന്നേറിയ ഷഫീഖ് ഇന്ത്യൻ ഫുട്ബാൾ ടീമിലും എത്തി. ഇറാനിൽ നടന്ന പാരാ ആംപ്യൂട്ടി ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്കായി ഒറ്റക്കാലിൽ ബൂട്ടണിഞ്ഞ് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയനായി മാറി. യാത്ര ഏറെ ഇഷ്ടപ്പെടുന്ന ഷഫീഖ് റമദാനിൽ നോമ്പെടുത്ത് തന്നെ ജബലുന്നൂർ കയറാനും പ്രവാചകന് ആദ്യമായി ദൈവീക സന്ദേശം ലഭിച്ച ഹിറാ ഗുഹ കാണനും കഴിഞ്ഞതിലെ ആത്മീയ സായൂജ്യത്തിലാണ്. ഹിറ ഗുഹയിൽ ഇന്ന് എത്തിപ്പെടാൻ പ്രത്യേകം പടവുകൾ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ പടവുകളൊന്നും ഇല്ലാത്ത കാലത്താണ് പ്രവാചകൻ മലകയറി ഹിറാ ഗുഹയിെലത്തിയിരുന്നതെന്നും എന്തുമാത്രം ത്യാഗം സഹിച്ചാവും അത് ചെയ്തതെന്നും ഞാൻ ഇപ്പോൾ ഓർത്തുപോവുകയാണെന്ന് ഷഫീഖ് പറഞ്ഞു.
ശാരീരിക പരിമിതികൾക്കിടയിലും തനിക്ക് മല കയറ്റം സന്തോഷപൂർവം നിർവഹിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം യു.എ.ഇയിലെ ഏറ്റവും ഉയരമുള്ള പർവതമായ ജബൽ ജെയ്‌സ് ഊന്നുവടി ഉപയോഗിച്ച് കയറാൻ ഷഫീഖിന് കഴിഞ്ഞിരുന്നു. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്ന ദുബൈയിലെ ‘പീപ്പിൾ ഓഫ് ഡിറ്റെർമിനേഷൻ’ എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് ഷഫീഖ് ഇപ്പോൾ.
സൗദിയിലുള്ള സുഹൃത്തുക്കളായ മെഹബൂബ്, റിസ്‌വാൻ, ഇബ്നു മുബാറക് എന്നിവരോടൊപ്പമാണ് ഷഫീഖ് പുലർച്ചെ ആറിന് ജബലുന്നൂർ കയറാൻ തുടങ്ങിയത്. ഒരു മണിക്കൂറും 45 മിനിറ്റും സമയമെടുത്താണ് ജബലുന്നൂറിലെ ഉച്ചിയിലെത്താൻ കഴിഞ്ഞത്. തിരിച്ചിറങ്ങാൻ 45 മിനുട്ടാണ് വേണ്ടിവന്നത്. നോമ്പ് പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും പറയത്തക്ക ബുദ്ധിമുട്ടില്ലാതെ തന്നെ മല കയറിയിറങ്ങാനും നോമ്പ് പൂർത്തിയാക്കാനും കഴിഞ്ഞെന്നും ഷഫീഖ് പറഞ്ഞു. സൗദിയിലെ വിവിധ ചരിത്രപ്രദേശങ്ങൾ സന്ദർശിക്കാനും രണ്ടാമത് ഒരു ഉംറ കൂടി നിർവഹിക്കാനും കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും ഷഫീഖ് പറഞ്ഞു. ഉംറ നിർവഹിക്കുമ്പോൾ വീൽ ചെയർ ഉപയോഗിക്കാൻ പലരും ഉപദേശിച്ചിരുന്നുവെങ്കിലും ഊന്നുവടികൾ മാത്രം ഉപയോഗിച്ചാണ് തവാഫും സഅ്യും ഉൾപ്പടെയുള്ള എല്ലാ കർമങ്ങളും ഷഫീഖ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.