ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ കഴിഞിരുന്ന സ്ത്രീകളെ ദമ്മാമിൽ എത്തിച്ച് നാട്ടിലേക്കുള്ള യാത്രാനടപടികൾ പൂർത്തീകരിച്ചപ്പോൾ
ദമ്മാം: തൊഴിൽപ്രശ്നങ്ങൾ അഭയകേന്ദ്രത്തിലെത്തിച്ച ആറ് ഇന്ത്യൻ വനിതാ തൊഴിലാളികൾക്ക് മോചനം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടലാണ് ഇവർക്ക് നാട്ടിലേക്ക് വഴിതെളിയിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുമ്പ് ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന എംബസി ഉദ്യോഗസ്ഥരുടെ താൽപര്യമാണ് ഈ സ്ത്രീകൾക്ക് ഗുണകരമായത്. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി ഗസീന ഖാത്തൂൻ (25), ആന്ധ്ര കടപ്പ സ്വദേശിനികളായ ഗംഗമ്മ (49), ഖാദർബി (25), ഹൈദരാബാദ് സ്വദേശിനികളായ ഷാദിയ സബ (25), മെഹറുന്നിസ (30), ആന്ധ്ര, തിരുപ്പതി സ്വദേശിനി ഫൈറൂസ് (27) എന്നിവരാണ് പ്രവാസത്തിലെ ദുരിതപർവം താണ്ടി നാട്ടിലേക്ക് മടങ്ങിയത്.
വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലും ശമ്പളവും ലഭിക്കാതെയും തൊഴിലവകാശങ്ങൾ നിഷേധിക്കപ്പെട്ടും ദുരിതത്തിലായപ്പോഴാണ് ഇവർ റിയാദിലെ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ എത്തിയത്. ഇംഗീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഷാദിയ സബ പച്ചക്കറി ഇറക്കുമതി ചെയ്യുന്ന കമ്പനിയിൽ ഓഫീസ് ജോലിയെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് സൗദിയിലെത്തിയത്. എന്നാൽ വിമാനത്താവളത്തിൽ നിന്ന് കമ്പനി ഉടമയുടെ സഹോദരിയുടെ വീട്ടിലെത്തിച്ച ഷാദിയക്ക് കഠിനമായ വീട്ടുജോലികളാണ് ചെയ്യേണ്ടി വന്നത്. ആഹാരം പോലും കൃത്യമായി കിട്ടാതെ വന്നതോടെ ഷാദിയ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. അവരാണ് ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിലേക്ക് അയച്ചത്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഭർത്താവ് ഇരു വൃക്കകളും തകരാറിലായി രോഗിയായതോടെയാണ് നിസ്സഹായായ യുവതിക്ക് ജോലിതേടി കടൽ കടക്കേണ്ടി വന്നത്.
ജിദ്ദയിൽ സ്വദേശി പൗരന്റെ വീട്ടിൽ ജോലിക്കാരിയായിരുന്ന ഗസീന ഖാത്തൂൻ തന്‍റെ സ്വർണ കമ്മലും മോതിരവും വിറ്റാണ് ജിദ്ദയിൽനിന്ന് റിയാദിലെ എംബസ്സിയിലേക്ക് അഭയം തേടി എത്തിയത്. എട്ട് മാസം ജോലിചെയ്തിട്ടും ശമ്പളം കിട്ടിയില്ല. തൊഴിലുടമയുടെ മർദ്ദനങ്ങൾ കൂടി സഹിക്കേണ്ടി വന്നതോടെയാണ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത്. ആറുവർഷം ജോലിചെയ്തിട്ടും മൂന്നുവർഷത്തെ ശമ്പളം ലഭിക്കാതെയാണ് ഗംഗമ്മയുടെ മടക്കം. മുന്നുമാസമാണ് ഇവർ എംബസി അഭയകേന്ദ്രത്തിൽ കഴിഞ്ഞത്.
ബ്യുട്ടിപാർലറിലെ ജോലിക്കായി എത്തിയ മെഹറുന്നിസക്ക് ബ്യൂട്ടി പാർലറിലേയും തൊഴിൽ ഇടമയുടെ വീട്ടിലെ ജോലിയും ചെയ്യേണ്ടി വന്നിട്ടും ശമ്പളം കിട്ടാതായതോടെ ഏജൻസി തന്നെ റിയാദിൽ എത്തിക്കുകയായിരുന്നു. റിയാദിലും തുറൈഫിലുമായി ഉരുകിത്തീർന്ന ആറ് വർഷത്തിനുശേഷമാണ് ഖാദർബി മടങ്ങുന്നത്. ഖത്തറിൽനിന്ന് സൗദിയിലെത്തിച്ച് ദുരിതത്തിലകപ്പെട്ട ആളാണ് ഫൈറൂസ്. റിയാദിലെ അഭയകേന്ദ്രത്തിൽ എത്തിയ ഇവരെ വെൽഫെയർ കോൺസൽ എം.ആ. സജീവിന്‍റെ നിർദേശപ്രകാരം തർഹീൽ ചുമതലയുള്ള എംബസി ഉദ്യോഗസ്ഥരായ ആഷിഖ്, ഖാലിദ് എന്നിവരാണ് ദമ്മാമിൽ എത്തിച്ചത്.
സാമൂഹിക പ്രവർത്തകനായ നാസ് വക്കം ദമ്മാമിലെ ഡീപോട്ടേഷൻ മേധാവിയുടെ സഹായത്തോടെ ഇവർക്ക് എക്സിറ്റ് വിസ ലഭ്യമാക്കുകയായിരുന്നു. അവധി ദിവസമായിട്ടും സെക്കൻഡ് സെക്രട്ടറി ബിപിൻ എൻ. പാണ്ഡെ ഓഫീസിൽ എത്തി ഇവർക്കുള്ള യാത്ര ടിക്കറ്റുകൾ അനുവദിക്കുകയും ചെയ്തു. ഒരു ദിവസം നാസ് വക്കത്തിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക ഷെൽട്ടറിൽ കഴിഞ്ഞ ഇവരെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.