ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബുറൈദ, ഉനൈസ ലേബർ ഓഫിസുകൾ സന്ദർശിച്ചപ്പോൾ
ബുറൈദ: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അൽഖസീം പ്രവിശ്യയിലെ ബുറൈദ, ഉനൈസ ലേബർ ഓഫിസുകൾ സന്ദർശിച്ചു. ഇന്ത്യക്കാരുടെ വിവിധ തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചു ഉദ്യോഗസ്ഥർ ലേബർ ഓഫിസ് അധികൃതരുമായി ചർച്ച നടത്തി. ഇഖാമ കാലാവധി കഴിഞ്ഞ് നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ ഫൈനൽ എക്സിറ്റിനായി ലേബർ ഓഫിസിൽനിന്ന് ജവാസത്തിലേക്ക് അയക്കുന്ന നോ ഒബ്ജക്ഷൻ ലെറ്റർ സുഗമമാക്കുവാൻ ഇന്ത്യൻ എംബസി ലേബർ അറ്റാഷെ ശ്യാമസുന്ദർ ബുറൈദയിലെയും ഉനൈസായിലെയും ഓഫിസർമാരോട് ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ പേരിൽ പൊലീസിലോ കോടതിയിലോ കേസുകളോ യാത്രവിലക്കോ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയോ ഇല്ലെന്ന ക്ലിയറൻസ് അതതു ജവാസാത്തിൽനിന്നും ലഭിക്കുന്നമുറക്ക് കത്ത് നൽകാറുണ്ടെന്ന് ഓഫിസർമാർ അറിയിച്ചു. ബുറൈദയിലും ഉനൈസയിലുമായി എഴുപതോളം ഇന്ത്യൻ തൊഴിലാളികളുടെ ഫൈനൽ എക്സിറ്റ് അപേക്ഷ രണ്ടുലേബർ ഓഫിസുകളിലായി എംബസി ഉദ്യോഗസ്ഥർ നേരിട്ട് സമർപ്പിച്ചു. ഇന്ത്യയിൽനിന്നും തൊഴിൽവിസ സ്റ്റാമ്പിങ് നടക്കാത്തതുമൂലം ഒട്ടേറെ ജോലികൾക്ക് കാലതാമസം രാജ്യത്ത് അനുഭവിക്കുന്നുണ്ടെന്നും പെട്ടെന്ന് വിസ സ്റ്റാമ്പിങ് പുനരാംരംഭിക്കാൻ പ്രാർഥിക്കാമെന്നും ബുറൈദ ലേബർ ഓഫിസർ അബ്ദുറഹ്മാൻ അൽ ദഹീലല്ലാഹ് പറഞ്ഞു. ലേബർ അറ്റാഷെ ശ്യാമസുന്ദർ, എംബസി ലേബർ വിഭാഗത്തിലെ നസീംഖാൻ, സാമൂഹിക പ്രവർത്തകൻ ഫൈസൽ ആലത്തൂർ, ഉനൈസ ലേബർ ഓഫിസർ ഇബ്രാഹിം അൽ ദാരി, അസിസ്റ്റൻറ് ലേബർ ഓഫിസർ ഇബ്രാഹിം അൽ സോരിഖ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
ഉനൈസയിൽ ഒന്നര വർഷം മുമ്പ് ഷോക്കേറ്റ് ഇരു കൈകളും കാലുകളും നഷ്ടപെടുകയും ഇൻഷുറൻസ് ലഭിക്കാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലാവുകയും ചെയ്ത ഉത്തർപ്രദേശ് സ്വദേശി രേണുകുമാറിനെ എംബസി അധികൃതർ സന്ദർശിച്ചു. രേണുകുമാറിെൻറ കമ്പനി അധികൃതരുമായി അറ്റാഷെ ചർച്ചനടത്തി. ഒന്നരവർഷമായി ജോലിക്കു ഹാജരാകാൻ കഴിയാത്ത രേണുകുമാറിന് ശമ്പളം നൽകുന്നുണ്ടെന്നും തങ്ങളുടെ ചെലവിൽ സഹായിയെ നിയമിച്ചിട്ടുണ്ടെന്നും സോഷ്യൽ ഇൻഷുറൻസിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച നടപടികൾക്ക് സോഷ്യൽ ഇൻഷുറൻസ് അധികൃതരുമായി ബന്ധപ്പെട്ടതായും കാര്യങ്ങൾ വേഗത്തിലായതായും കമ്പനി അധികൃതർ അറിയിച്ചു. സോഷ്യൽ ഇൻഷുറൻസ് ഓഫിസിൽ രേണുകുമാറിെൻറ കേസിൽ ഹാജരാകുന്നതിന് ഫൈസൽ ആലത്തൂരിനെ എംബസി ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.