വൈവിധ്യമാർന്ന ഇന്ത്യൻ കലാരൂപങ്ങളുടെ ആവിഷ്ക്കാരത്തോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് 'മഹോത്സവം' സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ ആവിഷ്ക്കാരത്തോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് 'ഇന്ത്യൻ മഹോത്സവം' സംഘടിപ്പിച്ചു. ഇന്ത്യ ഫോറവുമായി സഹകരിച്ച് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലാണ് സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചത്.

കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മഹോത്സവം ഉദ്ഘാടനം ചെയ്തു. സൗദി യോഗ കമ്മറ്റി പ്രസിഡന്റ് പത്മശ്രീ നൗഫ് മർവായ്, സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക് (എസ്‌.ഐ.ബി.എൻ) പ്രസിഡന്റ് അബ്ദുല്ല അൽഖസബി, ബാറ്റർജി ഹോൾഡിങ് കമ്പനി ചെയർമാൻ മാസിൻ ബാറ്റർജി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിത്യസ്ത സംസ്‌കാരങ്ങൾ ഉൾകൊള്ളുന്ന വർണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞെത്തി കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാരൂപങ്ങൾ മഹോത്സവത്തെ ഏറെ മനോഹരമാക്കി.

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും മറ്റു മുതിർന്നവരും ഉൾപ്പെടെ 190 ലധികം പ്രഗത്ഭരായ കലാകാരന്മാരുടെ മനോഹരമായി ചിട്ടപ്പെടുത്തിയ സാംസ്കാരിക ദൃശ്യ ശ്രാവ്യ പ്രകടനങ്ങൾ കാണികളെ ആവേശഭരിതരാക്കി.

ഇന്ത്യൻ സാംസ്‌കാരിക ക്ലാസിക്കൽ നൃത്തങ്ങൾ, രാജസ്ഥാനി നാടോടിനൃത്തം, ഗുജറാത്തി ഗർബ, ദാന്തിയ നൃത്തങ്ങൾ, പഞ്ചാബി ഡാൻസ്, ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, ദേശഭക്തിഗാനങ്ങൾ, മറ്റു പ്രാദേശിക പ്രമേയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രകടനങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു സാംസ്കാരിക മഹാസംഗമം.

പ്രത്യേകം ക്ഷണിക്കപ്പെട്ട സ്വദേശികളും ഇന്ത്യക്കാരും കമ്മ്യൂണിറ്റി അംഗങ്ങളുമുൾപ്പെടെ 600 ഓളം പേർ ഇന്ത്യൻ മഹോത്സവം കാണാനെത്തിയിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് യൂട്യൂബ് പേജിലൂടെ നടത്തിയ തത്സമയ സംപ്രേഷണത്തിലൂടെയും നൂറുകണക്കിന് പേർ പരിപാടി വീക്ഷിച്ചു. പരിപാടി വീക്ഷിക്കാനെത്തിയ പലരും തങ്ങളുടെ പ്രദേശത്തെ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയത് കൗതുകമായി.


Tags:    
News Summary - Indian Consulate in Jeddah organized Mahotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.