ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ച ചടങ്ങിൽ നിന്ന്

ജിദ്ദ: ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷം അനുവദിച്ച അതെ ക്വാട്ട തന്നെയാണ് ഈ വർഷവും ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത്. മൊത്തം 1,75,025 തീർഥാടകരാണ് ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനെത്തുക. ഇവരിൽ 1,40,020 സീറ്റുകൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടകർക്കായി നീക്കിവെച്ചിരിക്കുന്നു. ഇത് ഈ വർഷം ഹജ്ജ് തീർഥാടനം നടത്താൻ ഉദ്ദേശിക്കുന്ന സാധാരണ തീർഥാടകർക്ക് വളരെയധികം പ്രയോജനം ചെയ്യും. ബാക്കി വരുന്ന 35,005 തീർഥാടകർ വിവിധ സ്വകാര്യ ഹജ്ജ്ഗ്രൂപ്പ് ഓപ്പറേറ്റർമാർ വഴിയായിരിക്കും ഹജ്ജിനെത്തുക.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയും മന്ത്രി സ്‌മൃതി ഇറാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്തതായി മന്ത്രി സ്‌മൃതി ഇറാനി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

ഈ ചർച്ചയോടുള്ള സൗദി ഭാഗത്ത് നിന്നുള്ള പ്രകടമായ സഹകരണ മനോഭാവത്തെ താൻ ആഴത്തിൽ വിലമതിക്കുന്നതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ തുടർച്ചയായ ദൃഢീകരണത്തെ താൻ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നതായും മന്ത്രി സ്‌മൃതി ഇറാനി അറിയിച്ചു.

തങ്ങളുടെ തീർത്ഥാടകർക്ക് അത്യാവശ്യ വിവരങ്ങൾ നൽകുന്നതിൽ ഇന്ത്യയുടെ അസാധാരണമായ ഡിജിറ്റൽ സംരംഭങ്ങൾക്ക് സൗദി പ്രതിനിധികൾ ആത്മാർത്ഥമായ അഭിനന്ദനം അറിയിച്ചു. ഹജ്ജ് തീർത്ഥാടനത്തിൽ മെഹ്‌റം (ആൺതുണ) ഇല്ലാതെയുള്ള സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിർദ്ദേശം ഉൾക്കൊള്ളാനുള്ള സൗദി അധികൃതരുടെ പ്രതിബദ്ധതയെ മന്ത്രി സ്‌മൃതി ഇറാനിയും പ്രകീർത്തിച്ചു.

ഇന്ത്യ, സൗദി ഹജ്ജ് കരാറിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവർ ഒപ്പുവെക്കുന്നു

ഹജ്ജ് കരാറിൽ ഒപ്പുവെച്ചതിനും ഹജ്ജ്, ഉംറ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം മന്ത്രിമാരായ സ്മൃതി ഇറാനിയും വി. മുരളീധരനും ജിദ്ദ കിങ്‌ അബ്ദുൽ അസീസ് ഇന്റർനാഷനൽ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനൽ സന്ദർശിച്ചു. ഹജ്ജ് തീർഥാടകർക്കായി ഇവിടെ ഒരുക്കുന്ന ക്രമീകരണങ്ങൾ നിരീക്ഷിക്കുകയും ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സും മോണിറ്ററിംങ് സംവിധാനവും സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുകയും ചെയ്തു.

Tags:    
News Summary - India, Saudi Arabia formalise bilateral Hajj agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.