റിയാദ്: രാജ്യത്ത് തൊഴിലാളിചൂഷണം തടയുന്നതിന്, സ്വകാര്യ മേഖലയിൽ നിർബന്ധിപ്പിച്ച് പണിയെടുപ്പിക്കുന്ന പ്രവണത ഇല്ലാതാക്കാൻ സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ദേശീയ തൊഴിൽ നയം നടപ്പാക്കുന്നു. ഈ ലക്ഷ്യത്തോടെ തയാറാക്കിയ കരടു ദേശീയ നയം പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിർദേശങ്ങൾക്കായി പബ്ലിക് കൺസൽട്ടേഷൻ (ഇസ്തിത്ലാഅ്) പ്ലാറ്റ്ഫോമിൽ പരസ്യപ്പെടുത്തി.
സൗദിയിൽ എല്ലാ രൂപത്തിലുമുള്ള തൊഴിൽചൂഷണം ഇല്ലാതാക്കാനാണ് നിർബന്ധിപ്പിച്ച് തൊഴിൽ ചെയ്യിപ്പിക്കുന്ന രീതിയെ ഇല്ലായ്മ ചെയ്യാനുള്ള ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. 2014ൽ സൗദി അറേബ്യ ഒപ്പുവെച്ച പ്രോട്ടോകോൾ പ്രകാരമുള്ള ബാധ്യതകൾ നടപ്പാക്കാൻ ശ്രമിച്ചാണ് നിർബന്ധിത തൊഴിൽ നിർമാർജനത്തിനുള്ള കരടു ദേശീയ നയം തയാറാക്കിയത്. എല്ലാതരം നിർബന്ധിത തൊഴിലുകളും ഫലപ്രദമായി ഇല്ലാതാക്കുക, പ്രതിരോധ, സംരക്ഷണ നടപടികൾക്ക് ഊന്നൽ നൽകുക, നീതി നടപ്പാക്കുക, യാതൊരുവിധ വിവേചനങ്ങളും കൂടാതെ മുഴുവൻ തൊഴിലാളികൾക്കും പിന്തുണ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ എല്ലാവർക്കും മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്ന ഒരു ദേശീയ ചട്ടക്കൂട് തയാറാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ശാരീരിക, മാനസിക ആരോഗ്യം കണക്കിലെടുത്ത് സുരക്ഷിതമായ സാഹചര്യത്തിലും ആകർഷകമായ വേതനത്തോടെയും എല്ലാവർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കൽ ദേശീയ നയത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽപെടുന്നു.
തൊഴിലാളികൾക്കിടയിൽ സമത്വം കാണിക്കൽ, വിവേചനം കാണിക്കാതിരിക്കൽ, ഇരകൾക്ക് ആവശ്യമായ പിന്തുണ നൽകൽ, നിർബന്ധിത തൊഴിൽ നിർമാർജന ദേശീയ നയം നടപ്പാക്കാൻ മുഴുവൻ സർക്കാർ വകുപ്പുകളും തമ്മിൽ പരസ്പര സംയോജനത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കാനുള്ള സർക്കാർ സമീപനം എന്നിവയും ദേശീയ നയത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.