‘പ്രവാസി പച്ചപ്പ്’ പരിസ്ഥിതി കാമ്പയിൻ പ്രശസ്ത സാഹിത്യകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മനുഷ്യൻ മാത്രമല്ല, ഈ ഭൂമിയിൽ വേറെയും ജീവജാലങ്ങളുണ്ടെന്ന് മനസ്സിലാക്കി, ഭൂമിയെ കേന്ദ്രസ്ഥാനത്ത് നിർത്തിവേണം വികസനനയം രൂപവത്കരിക്കേണ്ടതെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ കൽപറ്റ നാരായണൻ ആവശ്യപ്പെട്ടു.
നാഗരികരും ഗ്രാമീണരും തമ്മിലുള്ള വൈജാത്യങ്ങൾ നേർത്തുവരുകയാണ്. കോൺക്രീറ്റ് കാടുകൾ തഴച്ചുവളർന്ന് 15 വർഷത്തിനകം കേരളം ഒറ്റ നഗരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സ്നേഹവും ആചരണവുമെല്ലാം വഴിപാടുകളായി മാറി, പാരിസ്ഥിതിക പഠനങ്ങൾ കേവലം അക്കാദമിക വിഷയങ്ങളായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'പ്രവാസി പച്ചപ്പ്' കാമ്പയിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ ഭാഷയും രോദനവും കലഹവുമെല്ലാം നാം തിരിച്ചറിയാതെ പോകുമ്പോഴാണ് അത് ചിലപ്പോൾ നമുക്കെതിരെ പ്രതികരിക്കുന്നത്. പേമാരിയെന്നും സൂനാമിയെന്നും കോവിഡെന്നുമൊക്കെ നാം അതിനെ സൗകര്യംപോലെ വിളിക്കുന്നു. ഇന്ന് ഞാറ്റുവേലകളില്ല, ന്യൂനമർദമേയുള്ളൂ. നമ്മുടെ കലണ്ടറുകൾ, ആവാസവ്യവസ്ഥകൾ എല്ലാം പ്രകൃതി റദ്ദുചെയ്തിരിക്കുന്നു. അശാസ്ത്രീയമായ നിർമാണ പ്രവൃത്തികൾ, ജൈവമണ്ഡലത്തെ വിസ്മരിക്കുന്ന വികസനങ്ങൾ എന്നിവയാണതിന് കാരണം. സൈലൻറ് വാലി, മാവൂർ ഗോളിയോർ റയോൺസ്, എൻഡോസൾഫാൻ, പ്ലാച്ചിമട തുടങ്ങി പാരിസ്ഥിതിക വിഷയങ്ങളിൽ നാം നടത്തിയ പോരാട്ടത്തിെൻറ ചരിത്രം ഓർക്കുകയും ഈ ഭൂമി വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണെന്നുള്ള ചിന്ത നമ്മെ നയിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സാംസ്കാരിക വേദി പ്രസിഡൻറ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് ഒരുമാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ വിശദീകരിച്ചു. അമ്മു എസ്. പ്രസാദ്, ബരിഷ് ചെമ്പകശ്ശേരി എന്നിവർ കവിതകളാലപിച്ചു. സി.സി അംഗങ്ങളായ അഡ്വ. റെജി സ്വാഗതവും ജാസ്മിൻ അഷ്റഫ് നന്ദിയും പറഞ്ഞു. നൈസി സജ്ജാദ് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.