തേനീച്ചകൃഷിക്ക് മരുഭൂമിയിൽ കർഷകർ ഒരുക്കിയ സംവിധാനങ്ങളുടെ വിവിധ ദൃശ്യങ്ങൾ
യാംബു: മരുഭൂമിയിൽ തേനീച്ചകളെ വളർത്തലും തേൻ സമ്പാദനവും ശ്രദ്ധേയ കാഴ്ചയാണ്. തേനീച്ചകളെ ശാസ്ത്രീയമായി വളർത്തുന്നതിലും തേൻ വ്യവസായം നടത്തുന്നതിലും സ്വദേശികളുടെ പങ്ക് വർധിച്ചുവരുകയാണ്. ചൂടിൽനിന്ന് തണുപ്പിലേക്ക് കാലാവസ്ഥ മാറുന്ന സന്ദർഭത്തിലാണ് തേനീച്ചക്കൂടുകളുമായി തേനീച്ച കർഷകർ വിവിധ പ്രദേശങ്ങളിൽ തമ്പടിക്കുന്നത്. വർഷത്തിൽ ആറോ ഏഴോ മാസങ്ങൾ തുടർച്ചയായി തേനീച്ചപ്പെട്ടികളുമായി ഒരു പ്രദേശത്ത് തങ്ങുന്ന കർഷകർ പിന്നീട് തേനീച്ചകൾക്ക് ജീവിക്കാനാവശ്യമായ കാലാവസ്ഥയുള്ള മരുഭൂമിയിലെ മറ്റു വിദൂര മേഖലകളിലേക്ക് കൂടുമാറ്റം ചെയ്യാറാണ് പതിവ്.
മിതമായ തണുപ്പ് കാലാവസ്ഥയിലാണത്രെ തേനീച്ചകൾ ധാരാളം തേനുകൾ മരുഭൂമിയിൽ ഉൽപാദിപ്പിക്കുന്നത്. പൊതുവെ ചൂടും മണൽക്കാറ്റും കുറഞ്ഞ മരുപ്രദേശങ്ങളിലാണ് തേനീച്ച വളർത്തൽ വ്യാപകമായി നടക്കുന്നത്.
ചില പ്രദേശങ്ങൾ പ്രത്യേകം തേൻകൃഷിക്ക് തിരഞ്ഞെടുക്കാൻ മറ്റൊരു കാരണംകൂടി ഉണ്ട്. ഇടക്ക് പെയ്യുന്ന മഴയിൽ മരുഭൂമിയിലെ ചില ഭാഗങ്ങളിൽ കിളിർക്കുന്ന ചെറിയ പൂക്കളുള്ള ചെടികളും ചെറുമരങ്ങളും ധാരാളമുള്ള സ്ഥലമാണ് തേനീച്ച വളർത്തലിന് കണ്ടെത്തുന്നത്. തേനീച്ചകളുടെ ആവാസവ്യവസ്ഥക്ക് ഏറെ ഗുണകരമായ മരുഭൂമിയിലെ ഭാഗങ്ങളാണ് ഇതിനായി ഇവർ പരിപാലനത്തിന് ഒരുക്കുന്നത്. ആമൂർ, സംറാഹ്, ഖർമൽ എന്നീ അറബി പേരുകളിലറിയപ്പെടുന്ന മരുഭൂമിയിൽ പ്രത്യേകമായി കാണുന്ന ഈ ചെടികളിൽനിന്നാണ് തേനീച്ചകൾ തേനും പൂമ്പൊടിയും നുകരുന്നത്.
മരുഭൂമിയിൽ പൊതുവെ ശ്രദ്ധയിൽപെടാതെ ശീതകാലാവസ്ഥയിൽ വ്യാപകമായി കാണുന്ന ഈ ചെടികളാണ് തേനീച്ചകൾക്ക് വേണ്ട ജീവിത വിഭവങ്ങൾ ഒരുക്കുന്നത്. മരുഭൂമിയിലെ ഈ വേറിട്ട ചെടികളിൽനിന്ന് സമ്പാദിക്കുന്ന തേനിന് പ്രത്യേകം ഔഷധഗുണം കൂടുമെന്നും ഇതിൻെറ മഹത്ത്വം മനസ്സിലാക്കി സ്വദേശികൾ തേൻ വാങ്ങാൻ ടെൻറുകളിലെത്താറുണ്ടെന്നും കർഷകർ പറഞ്ഞു.
സൗദിയിലെ അസീർ മേഖലയാണ് രാജ്യത്തെ മികച്ച തേൻ ഉൽപാദിപ്പിക്കുന്ന പ്രദേശം. തേനീച്ചകളുടെ ആവാസവ്യവസ്ഥക്ക് ഏറ്റവും ഇണങ്ങിയ കാലാവസ്ഥയാണിവിടെ. വേനൽക്കാലത്തു പോലും ഇവിടങ്ങളിൽ സുലഭമായി വളരുന്ന ചില മരങ്ങളിലെ പൂക്കൾ ഉണ്ടാകുന്നതിനാൽ തേൻകൃഷിക്ക് നൂറുമേനി ഫലം കൊയ്യാൻ കഴിയുന്നു.
രാജ്യത്തെ തേനീച്ച കർഷകരെ ശാക്തീകരിക്കാൻ വിവിധ പദ്ധതികൾ ഇപ്പോൾ അധികൃതർ നടപ്പാക്കുകയാണ്. സമ്പൂർണ ദേശീയ വികസന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിലൊന്നാണ് തേനീച്ച കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നത്. രാജ്യത്ത് തേനീച്ചവളർത്തൽ സംസ്കാരം നിലനിർത്താനുള്ള വിവിധ പരിശീലന പരിപാടികൾ സൗദി യുവാക്കൾക്കായി നടത്താനും അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്.
കാർഷിക രംഗത്തെ വേറിട്ട അഭിവൃദ്ധി കൈവരിക്കാൻ തേൻകൃഷിയിലൂടെ കഴിയുമെന്ന നിഗമനം അസീറിലെ കിങ് ഖാലിദ് സർവകലാശാലയിൽ ഈയിടെ നടത്തിയ പഠനത്തിലൂടെ കണ്ടെത്തുകയുണ്ടായി. തേനീച്ചയെയും തേൻ ഉൽപാദനത്തെയും കുറിച്ച് പ്രത്യേക ഗവേഷണ യൂനിറ്റ് സർവകലാശാലയിൽ ആരംഭിച്ചിട്ടുണ്ട്.
ഇത് സൗദി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തേനീച്ചയുടെ ശാസ്ത്രീയമായ കൃഷിക്ക് സഹായങ്ങൾ നൽകാനും ഏറെ സഹായിക്കും. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം, തേനീച്ചവളർത്തൽ സഹകരണ സൊസൈറ്റി, ബീ റിസർച് യൂനിറ്റ്, സൗദി അരാംകോ തുടങ്ങിയ സ്ഥാപനങ്ങളും തേനീച്ച കർഷകർക്ക് ആവശ്യമായ എല്ലാവിധ പിന്തുണ നൽകിയും വിവിധ പദ്ധതികൾ ഒരുക്കിയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.