സൗദിയിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നതായി ഹെറിറ്റേജ് കമീഷൻ

യാംബു: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള എല്ലാ സാംസ്‌കാരിക പൈതൃക സംരക്ഷണ കേന്ദ്രങ്ങളും പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ തിങ്കളാഴ്ച മുതൽ തുറന്നു കൊടുക്കുന്നതായി സൗദി ഹെറിറ്റേജ് കമീഷൻ പ്രഖ്യാപിച്ചു. ചരിത്രത്തിന്റെ ശേഷിപ്പുകളായി കാലങ്ങളായി സംരക്ഷിച്ചു വരുന്ന സൗദിയിലെ വിവിധ പൈതൃക സൈറ്റുകൾ സന്ദർശിക്കുന്നവർക്ക്‌ അറബ് സംസ്‌കാരത്തിന്റെ നാൾവഴികൾ അറിയാനും ചരിത്രാവബോധം ലഭിക്കാനും സഹായിക്കുമെന്ന് കമീഷൻ വക്താവ് അഭിപ്രായപ്പെട്ടു.

സന്ദർശകരെ കാത്തിരിക്കുന്ന പ്രധാന പൈതൃക സൈറ്റുകളും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ച സമയവും കമീഷൻ വ്യക്തമാക്കി. തബൂക്കിലെ ദുബയിലെ ചരിത്രപ്രസിദ്ധമായ കിങ് അബ്ദുൽ അസീസ് കോട്ട ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിലും വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതലും സന്ദർശകർക്കായി തുറക്കും. തബൂക്കിലെ മദാഇൻ ശുഐബ് (മഗാഇർ ഷുഐബ്) ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ സന്ദർശകരെ സ്വീകരിക്കും. വെള്ളിയാഴ്ചകളിൽ സന്ദർശന സമയം വൈകീട്ട് മൂന്ന് മുതൽ ആറ് മണി വരെയാണ്.

ഹാഇൽ മേഖലയിൽ മൂന്ന് പൈതൃക സൈറ്റുകളുണ്ട്. ലോക പൈതൃക സൈറ്റിൽ പെട്ട ജബൽ ഉമ്മ് സിൻമാൻ, ഫൈദിന്റെ പുരാവസ്തു കോട്ട, ആരിഫ് കുന്നിലെ കോട്ട എന്നിവയിലെ സന്ദർശന സമയം ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയും വെള്ളി 3:30 മുതൽ രാത്രി എട്ട് മണി വരെയുമായിരിക്കും. അൽ ഖസീം മേഖലയിലുള്ള നിരവധി പൈതൃക സൈറ്റുകളുടെ സന്ദർശന സമയവും കമീഷൻ വ്യക്തമാക്കി. അൽ ഷാന ടവർ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയും, ബൈത്ത് അൽ ബസ്സാം, അൽ മസൂകിഫ് മാർക്കറ്റ് എന്നിവ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയും വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതൽ രാത്രി എട്ട് മണി വരെയുമായിരിക്കും.

അൽ ഖുറയാത്തിലെ കാഫ് പാലസ്, സകാക്കയിലെ പുരാവസ്തു മേഖലയിലെ സന്ദർശക കേന്ദ്രം, സബൽ കോട്ട, രാജാജെൽ സ്തൂപം ഉൾകൊള്ളുന്നകേന്ദ്രം, ഉമർ ബിൻ ഖത്താബ് മസ്ജിദ് ഉൾകൊള്ളുന്ന ദുമത് അൽ ജന്ദലിലെ പുരാവസ്തു സൈറ്റുകളും അൽ ജൗഫ് മേഖലയിലെ പൈതൃക സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. മാറേഡ് കോട്ടയും, ദുമത് അൽ ജൻദൽ മാർക്കറ്റും ഉൾകൊള്ളുന്ന ഇടങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ ഒമ്പത് മുതൽ 12 വരെയും വൈകുന്നേരം 4.30 മുതൽ ഏഴ്‌ മണി വരെയും സന്ദർശകരെ സ്വീകരിക്കും. ജീസാനിലെ അൽ ദോസാരിയ പുരാതന കോട്ട, നജ്റാനിലെ അൽ ഉഖ്‌ദൂദ് പുരാവസ്തു സംരക്ഷണ പ്രദേശം, ചരിത്രപ്രസിദ്ധമായ എമിറേറ്റ് പാലസ്, നജ്‌റാനിലെ ഹമാ കൾച്ചറൽ ഡിസ്ട്രിക്റ്റ്, ഹൗസ് ഓഫ് അലീജിയൻസ്, അൽ അമീരി സ്‌കൂൾ എന്നിവയുൾപ്പെടെ അൽ അഹ്‌സയിലെ പൈതൃക സ്ഥലങ്ങളായി പട്ടികയിൽ ഉൾപ്പെടുന്നു.

ലോക പൈതൃക ഗ്രാമങ്ങളിലൊന്നായി അംഗീകരിച്ച അബഹയിലെ റിജാൽ അൽമ, ജരാഷിലെ പുരാവസ്തു സൈറ്റും അസീറിലെ അൽ നമാസ് ഹെറിറ്റേജ് മന്ദിരവും ഏറെ ശ്രദ്ധേയമായ കേന്ദ്രങ്ങളാണ്. ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയും. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി ആറ് വരെയും സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. പഴമയുടെ പെരുമ വിളിച്ചോതുന്ന അൽ ബാഹയിലെ ദീൻ ഐൻ വില്ലേജ് ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ ആറ് വരെയും തുറന്നിരിക്കും.

ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയായിരിക്കും സന്ദർശം അനുവദിക്കുക. അതേസമയം, മദീനയിലെ ഹിജാസ് റെയിൽവേ സൈറ്റ് ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് അഞ്ച്‌ മുതൽ ഒമ്പത് വരെയായിരിക്കും സന്ദർശകരെ സ്വീകരിക്കുക. റിയാദ് മേഖലയിലെ അൽ ഘട്ടിലെ എമിറേറ്റ് പാലസിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട്അഞ്ച് വരെയും വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് മണി വരെയും സന്ദർശകരെ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഷഖ്‌റ ഹെറിറ്റേജ് വില്ലേജും ഉഷൈഗർ ഹെറിറ്റേജ് വില്ലേജും ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും വൈകുന്നേരം നാല് മുതൽ രാത്രി 10 മണി വരെയും തുറന്നിരിക്കും. വെള്ളി, ശനി ഉച്ചക്ക് ഒന്ന് മുതൽ രാത്രി 10 മണി വരെയായിരിക്കും സന്ദർശന സമയം. കവികളുടെ പൈതൃക ഗ്രാമമായി അറിയപ്പെടുന്ന സൈറ്റിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ രാത്രി 10 മണി വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 10 മണി വരെയുമായിരിക്കും പൊതുജനങ്ങൾക്കായി പ്രവേശിക്കാൻ കഴിയുകയെന്നും ഹെറിറ്റേജ് കമീഷൻ അതോറിറ്റി പ്രസ്താവിച്ചു.

Tags:    
News Summary - Heritage Commission says Saudi heritage sites will be open to visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.