ഹാർമോണിയസ് കേരള മെഗാ ഷോയിൽ നടൻ ആസിഫലി, നടി നിഖില വിമൽ മറ്റ് അതിഥികൾ
ദമ്മാം: പ്രേക്ഷകരുടെ പങ്കാളിത്തം കൊണ്ടും അതുല്യ ഗായകരുടെയും സിനിമ താരങ്ങളുടെയും സാന്നിധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും 'ഗൾഫ് മാധ്യമം' ദമ്മാം ആംഫി തിയറ്ററിൽ ഒരുക്കിയ ഒരുമയുടെ മഹോത്സവം 'ഹാർമോണിയസ് കേരള' പ്രവാസി മലയാളികളുടെ മനം നിറച്ചു.
'ഗൾഫ് മാധ്യമം' അതിന്റെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് കൊടും തണുപ്പിനെ അവഗണിച്ചും ഒഴുകിയെത്തിയത് 5000ത്തോളം പ്രേക്ഷകർ. ഒരു മാസത്തോളമായി അവരുടെ കാത്തിരിപ്പ് വൃഥാവിലായില്ല.
എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ പാകത്തിലുള്ള പാട്ടുകളും കണ്ണഞ്ചിപ്പിക്കുന്ന വർണ വിസ്മയവും അതുല്യമായ ശബ്ദ വിക്ഷേപണവും ഓർത്തോർത്തു ചിരിക്കാൻ തമാശകളും നിറച്ച് നാല് മണിക്കൂർ നിർത്താതെ നടന്ന ആഘോഷരാവ് അത്രമേൽ ആസ്വാദ്യകരമായിരുന്നു.
ഗായകരായ മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, അരവിന്ദ്, ശ്രീരാഗ്, ബൽറാം, നിഷ, നന്ദ എന്നിവർ
പഴുതടച്ച സംഘടന മികവ് കൂടിയായപ്പോൾ വിനോദത്തിന്റെയും സാംസ്കാരിക ആഘോഷത്തിന്റെയും അവിസ്മരണീയ സായാഹ്നത്തിന് ദമ്മാം സാക്ഷ്യം വഹിക്കുകയായിരുന്നു. ഹാർമോണിയസ് കേരളയിൽ പങ്കെടുക്കാനെത്തിയ മലയാളി സമൂഹം ഇന്നുവരെ കിഴക്കൻ പ്രവിശ്യ കണ്ടതിൽ ഏറ്റവും മനോഹര സായാഹ്നമൊരുക്കിയ 'ഗൾഫ് മാധ്യമ'ത്തോട് നന്ദി പറഞ്ഞാണ് മടങ്ങിയത്. വൈകീട്ട് ഏഴിന് ആരംഭിച്ച പരിപാടി രാത്രി 11.30 വരെ നീണ്ടുനിന്നു.
തണുത്ത കാലാവസ്ഥ ഉണ്ടായിരുന്നിട്ടും പ്രേക്ഷകരുടെ ഊർജവും ആവേശവും അന്തരീക്ഷത്തെ ചൂടാക്കിനിർത്തി. പ്രശസ്തരായ മലയാള സിനിമാ കലാകാരന്മാരായ ആസിഫ് അലിയുടെയും നിഖില വിമലിന്റെയും സാന്നിധ്യമായിരുന്നു മെഗാഷോയുടെ ഹൈലൈറ്റ്.
തങ്ങളുടെ പ്രിയ താരങ്ങളെ നിറഞ്ഞ കൈയടിയോടെ സദസ്സ് സ്വീകരിച്ചു. പോകും മുമ്പ് ആസ്വാദകരിലേക്ക് ആസിഫ് അലി ഇറങ്ങിയപ്പോൾ അവർ ആവേശത്തോടെ സ്വീകരിച്ചു.
മെഗാ ഷോ നടന്ന ആംഫി തിയറ്ററിൽ നിന്നുള്ള ആകാശക്കാഴ്ച
സെൽഫി എടുക്കുകയും ഹസ്തദാനം നൽകുകയും ചെയ്തു. പ്രേക്ഷകർ കൂട്ടമായി മൊബൈൽ ഫോൺ ഫ്ലാഷ്ലൈറ്റുകൾ ഓണാക്കി വായുവിൽ കൈ വീശിയതാണ് സായാഹ്നത്തിലെ ഏറ്റവും മാന്ത്രിക നിമിഷങ്ങളിലൊന്ന്. സിനിമയിൽ 15 വർഷം പൂർത്തിയാക്കിയ സുദിനത്തിന്റെ ഓർമക്ക് ആസിഫലിക്കും, ഒരുമയുടെ ഉത്സവം സാധ്യമാക്കിയ 'ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള'ക്കും നൽകിയ ഐക്യദാർഢ്യമായിരുന്നു ആ പ്രകടനം.
മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളും മാപ്പിളപ്പാട്ട് ഇശലുകളും മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ട ഗായകരായ മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, സ്റ്റാർ സിംഗർ ഫെയിം അരവിന്ദ്, ശ്രീരാഗ്, ബൽറാം, നിഷ, നന്ദ എന്നിവർ ആലപിച്ചു.
സായാഹ്നത്തിന് ഹാസ്യ ചടുലത നൽകി പ്രമുഖ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ തന്റെ നർമ മിമിക്രിയും ഹാസ്യനുകരണവും കൊണ്ട് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. സംഗീത ഇടവേളകളെ തികച്ചും പൂരകമാക്കി അദ്ദേഹം നടത്തിയ സ്പോട്ട് ഡബ്ബിങ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
മൊബൈൽ ഫോട്ടോ ലൈറ്റ് തെളിയിച്ച് കലാസ്വാദകർ ഹാർമോണിയസ് കേരള മെഗാ ഷോക്ക് അഭിവാദ്യം അർപ്പിക്കുന്നു
5,000 സീറ്റുകളുള്ള ദമ്മാം ആംഫി പാർക്ക് നിറഞ്ഞു കവിഞ്ഞിരുന്നു. പിന്നിൽ നിന്ന യുവതയാണ് പരിപാടി ഏറ്റവും നന്നായി ആഘോഷിച്ചത്. പാട്ടുകൾക്കൊപ്പം പാടിയും കൈയടിച്ചും ഡാൻസ് കളിച്ചും ആർപ്പ് വിളിച്ചും കൂവിയും അവർ പരമാവധി ആസ്വദിച്ചു.
എന്നിട്ടും പരിപാടി സുഗമമായും പ്രശ്നങ്ങളുമില്ലാതെ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് പങ്കെടുത്തവർ ശ്രദ്ധേയമായ സഹകരണം പ്രകടിപ്പിച്ചു. 'ഗൾഫ് മാധ്യമം' ദമ്മാം ആംഫി പാർക്കിൽ സംഘടിപ്പിച്ച 'ഹാർമോണിയസ് കേരള' എക്കാലവും ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ മെഗാഷോ ആയി മാറി.
എല്ലാ വിഭാഗീയതകൾക്കുമെതിരെ ജനമനസുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഗൾഫ് മാധ്യമ'ത്തിന്റെ പ്രയത്നത്തിൽ കിഴക്കൻ പ്രവിശ്യ ഹൃദയം കൊടുത്തു കൂടെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.