ജിദ്ദ: മൂന്നര പതിറ്റാണ്ട് ചോര നീരാക്കിയിട്ടും ഒരു കരയിലെത്തിക്കാൻ കഴിയാത്ത കുടുംബത്തിെൻറ പ്രതിസന്ധികൾക്ക് മുമ്പിൽ പകച്ചുനിൽക്കുകയാണ് ഹനീഫ. മൂന്നാമത്തെ മകളുടെ ഭർത്താവിെൻറ വൃക്കരോഗമാണ് പടുവാർദ്ധക്യത്തിലും പ്രവാസം തുടരാൻ നിർബന്ധിതനായ ഇൗ പാലക്കാട് മലമ്പുഴ സ്വദേശിയുടെ പുതിയ വേദന. ദുർവിധിയുടെ പിടിയിലായിരുന്നു എന്നും ഹനീഫയുടെ ജീവിതം. പ്രാരബ്ധങ്ങളുടെ കടലിൽ നിന്ന് കുടുംബത്തെ രക്ഷിക്കാനാണ് 25ാം വയസിൽ ജിദ്ദയിലെത്തിയത്. 62ാം വയസിലും ശറഫിയ്യക്കടുത്തുള്ള പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഇയാൾക്ക് ഇതല്ലാതെ ജീവിതം തുഴയാൻ മറ്റൊരു മാർഗവും മുന്നിലില്ല. ഇൗ കാലത്തിനിടയിൽ വിധേയമായത് രണ്ടു ഹൃദയ ശസ്ത്രക്രിയകൾക്കാണ്. ഹൃദ്രോഗം തളർത്തിയ വർഷങ്ങൾക്കിടയിലും മൂന്നു പെൺമക്കളെ വിവാഹം ചെയ്തയച്ചു. ഇതോടെ പ്രവാസം അവസാനിപ്പിക്കാമെന്നായിരുന്നു ഹനീഫയുടെ ചിന്ത.
വാർധക്യത്തിെൻറയും തളരുന്ന ഹൃദയത്തിെൻറയും ബുദ്ധിമുട്ടുകളിൽ ഇനി ഒരടി മുന്നോട്ടുവയ്യ എന്ന് ജീവിതം കിതയ്ക്കുന്നുണ്ട്. നെഞ്ചിലെ വടുകെട്ടിയ വലിയ മുറിപ്പാടുകൾ മാത്രമാണ് സാമ്പാദ്യമെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്ന് കരുതി ഭാണ്ഡം മുറുക്കാനൊരുങ്ങിയതാണ്. അപ്പോഴാണ് അശനിപാതം പോലെ ആ ദുരന്തം കുടുംബത്തിന് മേൽ പതിച്ചത്. മൂന്നാമത്തെ മകളുടെ ഭർത്താവും നിലവിൽ വീട്ടിലെ കാര്യങ്ങൾ നോക്കുന്നയാളുമായ അബ്ദുൽ മജീദിനെ ദുർവിധി പിടികൂടിയത് വൃക്കരോഗത്തിെൻറ രൂപത്തിൽ. ഹനീഫയുടെ ഭാര്യയും ഇളയ മകളും മാത്രമുള്ള വീട്ടിൽ ആൺതുണയെന്ന നിലയിലാണ് മജീദ് അവിടെ കഴിയുന്നത്. നല്ല ആരോഗ്യവാനായിരുന്ന മജീദിന് പെട്ടന്നാണ് രോഗം ബാധിച്ചത്.
പരിശോധനയിൽ രണ്ടുവൃക്കയും തകരാറിലാണെന്ന് കണ്ടെത്തി. അടിയന്തിരമായി വൃക്ക മാറ്റിവെച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന അവസ്ഥ. പതിനായിരങ്ങൾക്ക് മുകളിൽ വില വരുന്ന മരുന്നുകൾ കൊണ്ടാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.
മജീദിന് പകരം വൃക്ക നൽകാൻ ഭാര്യ സജ്ന സന്നദ്ധയാണ്. പക്ഷേ, ശസ്ത്രക്രിയക്കുള്ള അനുമതിപത്രം നേടുക അത്രയെളുപ്പമായിരുന്നില്ല. എന്തുചെയ്യണമെന്ന് ഒരു എത്തുംപിടിയും കിട്ടിയില്ലെങ്കിലും വിവരം അറിഞ്ഞയുടൻ നാട്ടിൽ പോയ ഹനീഫ അവശതകൾ അവഗണിച്ച് വില്ലേജ് ഒാഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ കയറിയിറങ്ങി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള അനുമതി സമ്പാദിച്ചു. ഇതിനിടക്ക്, മലമ്പുഴ എം.എൽ.എ വി.എസ് അച്യുതാനന്ദൻ മണ്ഡലം സന്ദർശിക്കാനെത്തിയപ്പോൾ ഹനീഫയുടെ ഭാര്യ തങ്ങളുടെ ദുരവസ്ഥ കാട്ടി നിവേദനം നൽകി. ദയനീയസ്ഥിതി തിരിച്ചറിഞ്ഞ അദ്ദേഹം ഉടനടി എം.എൽ.എ ഫണ്ടിൽ നിന്ന് 25,000 രൂപ അനുവദിച്ചു. പക്ഷേ, ഭീമമായ ചികിത്സ ചെലവിനിടയിൽ അതുകൊണ്ട് ഒന്നും ആകുമായിരുന്നില്ല. ഒടുവിലിപ്പോൾ ആഗസ്ത് 10ാം തിയതി ശസ്ത്രക്രിയക്കുള്ള തിയതി കുറിച്ച് നൽകിയിരിക്കുകയാണ് ഡോക്ടർമാർ.
മൊത്തം 10 ലക്ഷത്തിലേറെ രൂപയാണ് പ്രാഥമികമായി വേണ്ടിവരിക. സഹകരണ ബാങ്കിൽ വീട് പണയപ്പെടുത്തി മൂന്നുലക്ഷം രൂപ നിലവിൽ സമാഹരിച്ചിട്ടുണ്ട്. ബാക്കി തുകക്ക് എന്തുചെയ്യണമെന്നറിയാതെ നിസ്സഹായനായി നിൽക്കുകയാണ് ഹനീഫ. മകളുടെ ജീവിതം കാക്കാൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഹനീഫ സുമനസുകളുടെ സഹായം തേടുകയാണ്. ചികിത്സാ സഹായത്തിനായി മകൾ സജ്നയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്, കരുണയുള്ളവർ കനിയുമെന്ന പ്രതീക്ഷയിൽ. ഹനീഫയുടെ ഫോൺ നമ്പർ: 050 654 1981. അക്കൗണ്ട് വിശദാംശങ്ങൾ: Sajna. H, Canara Bank, A/C number : 0743101019873, IFSC: CNRB 0000743, Malampuzha, palakkad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.