ഹനാദിയുടെ ആകാശത്തിൽനിന്ന്​ ഹനാദിമാരുടെ മണ്ണിലേക്ക്​

‘വലിയ യന്ത്രപക്ഷി ചിറകുവിരിച്ച്​ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി. കാലുകള്‍ ഉള്ളിലേക്ക് വലിച്ച് ചിറകുകളുടെ തൂവല്‍ അടരുകള്‍ ചലിപ്പിച്ച് ആ പക്ഷി കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കുമ്പോള്‍ അതിന്‍െറ ഹൃദയത്തിലിരുന്നു ഒരു പെണ്‍പക്ഷി കുറുകി, അല്‍ ഹംദുലില്ലാഹ്... ചില്ലു ജാലകത്തിലൂടെ അവള്‍ താഴേക്ക് നോക്കി, പിന്നിടുന്ന വെണ്‍മേഘപാളികളുടെ സുതാര്യമായ തിരശീലക്കു താഴെ മണല്‍ നിറത്തില്‍ പിറന്ന നാട്. മാതൃവാത്സല്യത്താലും അതിലപ്പുറം ഭയപ്പാടോടെയും ഇതുവരെ അടക്കിപ്പിടിച്ച് നിറുത്തിയിരുന്ന മണ്ണ് ഇപ്പോള്‍ ഇതാ സ്വതന്ത്രയാക്കിയിരിക്കുന്നു. പപ്പും പൂടയും കരുത്തുറ്റതായപ്പോള്‍ പറന്നുപൊയ്ക്കോളൂ, നിന്‍െറ അന്നം നീ തന്നെ കണ്ടെത്തൂ എന്ന് ആ മാതൃഹൃദയം മന്ത്രിക്കുന്നതായി അവള്‍ കേട്ടു... ’

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയിലെ ആദ്യ വനിതാപൈലറ്റിനെ കുറിച്ച് എഴുതിയപ്പോള്‍ തുടങ്ങിയത് ഇങ്ങനെയായിരുന്നു. കാറോട്ടാന്‍ അനുമതിയില്ലാത്ത ഒരു നാട്ടില്‍ വിമാനം പറത്താന്‍ ലൈസന്‍സ് നേടി ലോകത്തെ അമ്പരപ്പിച്ച പെണ്ണെന്ന് പലതവണ ആ ലേഖനത്തിലും മനസ്സിലും ആവര്‍ത്തിക്കുകയും ചെയ്തു. 2005 ജൂണ്‍ 15ന് ഹനാദി സക്കരിയ അല്‍ ഹിന്ദി എന്ന മിടുക്കി അപൂര്‍വമായ ഒരു ചരിത്ര നേട്ടത്തിലേക്ക് ടേക്കോഫ് നടത്തുമ്പോള്‍ അവളുടെ പേരിനോപ്പം ലോകം തൂക്കിയിട്ട ആ ടാഗ് ലൈന്‍ പക്ഷേ,  2017 സെപ്റ്റംബര്‍ 26ന് വൈകീട്ടോടെ ഒരു ഭൂതകാലവിശേഷണമായി ചരടറ്റുവീണു. കാറോട്ടാന്‍ അനുമതിയില്ലാതിരുന്ന കാലത്തും വിമാനം പറത്തിയ പെണ്ണെന്ന് ആ ടാഗ് ലൈന്‍ പെട്ടെന്ന് മാറി. 


അതെ, ഇനി പെണ്ണിന് സൗദിയില്‍ കാറും ഓടിക്കാം. അറബ് സാമൂഹിക സാഹചര്യത്തില്‍ ഈ ദശകത്തിലെ ഏറ്റവും വലിയ വിപ്ലവകരമായ തീരുമാനമാണ് സല്‍മാന്‍ രാജാവ് കഴിഞ്ഞ സായാഹ്നത്തില്‍ ലോകത്തെ അറിയിച്ചത്. ഡ്രൈവിങ് ലൈസന്‍സ് അടുത്ത വര്‍ഷം ജൂണ്‍ മുതലേ പെൺകരങ്ങളിലെത്തൂ. എന്നിരിക്കിലും മാറ്റത്തിന്‍െറ കാറ്റ് പ്രഖ്യാപന നിമിഷം മുതല്‍ സമൂഹത്തിൽ വീശിത്തുടങ്ങി.  സല്‍മാന്‍ രാജാവിന്‍െറയും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറയും ദേശീയ വികസന കാഴ്ചപ്പാടായി അവതരിപ്പിക്കപ്പെട്ട ‘വിഷന്‍ 2030’ എന്ന സമഗ്ര സാമൂഹിക സാമ്പത്തിക പരിഷ്കരണ പദ്ധതിയുടെ ചരിത്രപരമായ വിവിധ ചുവടുവെപ്പുകളിലൊന്നാണ് ഈ തീരുമാനവും.

അടുത്ത വര്‍ഷം ജൂണില്‍ സൗദി വീഥികളിലൂടെ പെണ്ണുങ്ങള്‍ വാഹനങ്ങളോടിച്ച് തുടങ്ങുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ ചെറുതല്ല. സാമൂഹികാന്തരീക്ഷത്തില്‍ അതുണ്ടാക്കുന്ന ഓളങ്ങളും പ്രകമ്പനങ്ങളും അറബ് ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കും. സ്ത്രീ സമൂഹത്തിന് അത് വലിയ ആത്മവിശ്വാസം നല്‍കും. സ്ത്രീശാക്തികരണത്തിന് ഗതിവേഗം പകരും. ദശകങ്ങള്‍ക്ക് മുമ്പ് തന്നെ സാമൂഹിക മുഖ്യധാരയില്‍ ഇടപെടാന്‍ തുടങ്ങിയ, വര്‍ക്കിങ് വുമണായി മാറിയ സൗദി സ്ത്രീത്വത്തിന് പരാശ്രയമില്ലാതെ സഞ്ചരിക്കാന്‍ കഴിയുമ്പോള്‍ അതുണ്ടാക്കുന്ന ഗുണഫലം നിസ്സാരമല്ല വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനാകെ തന്നെയും.


എന്നാല്‍ ഈ തീരുമാനമെടുക്കും മുമ്പ് അതിലേക്ക് നയിച്ച ഉന്നതതല ചര്‍ച്ചകളില്‍ ദോഷ വശങ്ങളും ചര്‍ച്ച ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തിയതും രാജവിജ്ഞാപനവുമായി ബന്ധപ്പെട്ട ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്തയില്‍ തന്നെയാണ്. ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമുണ്ടായതാണ് തീരുമാനം. ഏറ്റവും മികച്ച തീരുമാനമാണ് രാജ്യം കൈക്കൊണ്ടതെന്ന വിലയിരുത്തലാണ് പൊതുവേ. ആ ആത്മവിശ്വാസത്തോടെയാണ് രാജ്യം പുതിയ തീരുമാനത്തോടൊപ്പം ചുവടുവെക്കാന്‍ ഒരുങ്ങുന്നതും. 

എന്നാല്‍ കേരളമടക്കം പല വിദേശ നാടുകളുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന പ്രത്യാഘാതം ഇതിന് പിന്നിലുണ്ടാവും എന്ന ആശങ്കയില്ലാതില്ല. ലക്ഷക്കണക്കിന് ഹൗസ് ഡ്രൈവര്‍മാരുടെ ഉപജീവനത്തെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയില്ലാതിരുന്നത് മൂലമുണ്ടായ തൊഴില്‍ അവസരങ്ങള്‍ പുതിയ സാഹചര്യം വരുമ്പോള്‍ കുറയും എന്ന കാര്യത്തില്‍ സംശയമില്ല. കുറച്ചുപേര്‍ക്കെങ്കിലും ജോലി നഷ്ടം സംഭവിച്ചേക്കാം. 
 
പലതല സ്പര്‍ശിയായ സാമൂഹിക  മാറ്റമുണ്ടാക്കുന്ന നയമായിട്ടും സൗദി ജനതക്ക് ഇന്നിതില്‍ ആശങ്കകളില്ല, പ്രതീക്ഷകളേയുള്ളൂ. എന്നാല്‍ ഹനാദി വിമാനം പറത്താന്‍ തുടങ്ങിയ കാലത്ത് അതായിരുന്നില്ല സ്ഥിതി. ഒരുപാട് ആശങ്കകളോടെയാണ് അവള്‍ ആദ്യ വനിതാ സൗദി പൈലറ്റെന്ന ചരിത്രത്തിലേക്ക് കയറിയിരുന്നത്. അതുകൊണ്ടാണ് സൗദി വനിതകള്‍ക്ക് പുതിയ യുഗപ്പിറവി സംഭവിക്കുമ്പോഴും ഹനാദിയെ തന്നെ ഓര്‍മ വരുന്നത്.


ജോര്‍ദാന്‍ തലസ്ഥാന നഗരിയായ അമാനിലെ മിഡിലീസ്റ്റ് അക്കാദമി ഫോര്‍ ഏവിയേഷനില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി കോമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുമായി അവള്‍ മടങ്ങിയത്തെുമ്പോള്‍  മനസ്സിലുണ്ടായിരുന്നത് ആശങ്കകളായിരുന്നു. അന്നവള്‍ക്ക് വെറും ഇരുപത്തേഴ് മാത്രമായിരുന്നു പ്രായം. കോക്ക്പിറ്റില്‍ ഇരുന്നു ചരിത്രത്തിന്‍െറ ഗതിയെ തിരിച്ചുവിട്ടത് ഒട്ടും തുറസ്സല്ലാത്ത ആകാശത്തില്‍ ധാരാളം അപായ ചുഴികള്‍ മറഞ്ഞിരിക്കുന്നുണ്ട് എന്ന ഭയാശങ്കയോടെ തന്നെയായിരുന്നു. വൈമാനികയായ ആദ്യ സൗദി വനിത എന്ന് ചരിത്ര രേഖകളില്‍ എഴുതപ്പെടുന്നത്​ അത്ര ലഘുവായ പ്രശ്നമല്ലെന്ന്​ അവര്‍ക്കറിയാമായിരുന്നു. കാറോടിക്കാന്‍ സ്ത്രീക്ക് അനുമതി ഇല്ലാത്ത ഒരു സാമൂഹിക പരിസരത്തിലേക്ക് വിമാനം പറത്തി തിരി​ച്ചെത്തുമ്പോള്‍ യാഥാസ്ഥിതിക സമൂഹം എങ്ങിനെ നേരിടും എന്ന് ഒരെത്തും പിടിയുമുണ്ടായിരുന്നില്ല. 

‘ഏറ്റവും ആദരണീയമായ ഒരു ജോലിയാണ് ഞാൻ തെരഞ്ഞെടുത്തത്. എന്നാല്‍ എന്‍െറ രാജ്യത്ത്, അതിന്‍െറ പേരില്‍ ദേഷ്യം പിടിച്ച കുറച്ചേറെ ജനങ്ങളെ എനിക്ക് നേരിടേണ്ടിവന്നേക്കാം. പക്ഷേ, ഇത് എന്‍െറ ആഗ്രഹമായിരുന്നു, എന്‍െറ പിതാവിന്‍െറ അഭിലാഷമായിരുന്നു.’ ഹനാദി മാധ്യമങ്ങളോട് അന്ന് പറഞ്ഞ ആ വാക്കുകളില്‍ തന്നെ ആ ആകുലതകള്‍ കനത്തുനിന്നിരുന്നു. 

എന്നാല്‍ അനുഭവത്തില്‍ അതായിരുന്നില്ല. ഒരു പതിറ്റാണ്ട് മുമ്പ് തന്നെ സൗദി സമൂഹം പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവുന്ന ഒരു മാനസികാവസ്ഥയിലേക്ക് പരുവപ്പെടാന്‍ തുടങ്ങിയിരുന്നു. തിരിച്ചത്തെിയ ഹനാദിക്ക് അന്ന് ലഭിച്ചത് രാജകീയമായ ഒരു ഓഫറായിരുന്നു. രാജ കുടുംബാംഗവും സൗദി സമ്പന്നരില്‍ ഒന്നാമനുമായ കിങ്ഡം ഹോള്‍ഡിങ് കമ്പനി ഉടമ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ തന്‍െറ സ്വകാര്യ വിമാന കമ്പനിയില്‍ പൈലറ്റാവാനാണ് അവളെ ക്ഷണിച്ചത്. 

‘ഇതൊരു ചരിത്ര നീക്കമാണ്, സൗദി സ്ത്രീകള്‍ക്ക് വേണ്ടി’ എന്ന് രാജകുമാരന്‍ പറഞ്ഞു. അവള്‍ ‘ക്യാപ്റ്റന്‍ ഹനാദി’യായി ഏറെ ആഹ്ളാദത്തോടെ ആ ഓഫര്‍ സ്വീകരിച്ചു. വ്യാമയാന പാതകളിലെ പുരുഷാധിപത്യം അവസാനിക്കുകയാണെന്ന് അവള്‍ വിധിയെഴുതി. തന്‍െറ നേട്ടം പ്രചോദനമായ ധാരാളം സൗദി സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരാന്‍ മനസുകൊണ്ട് പരുവപ്പെട്ട് കഴിഞ്ഞതായി അവള്‍ തുറന്നുപറഞ്ഞു. ‘സൗദി വനിതകള്‍ തീവ്ര ഉല്‍ക്കര്‍ഷേച്ഛയും കഴിവുമുള്ളവരാണ്. പുരുഷന് കുത്തകയുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ അവള്‍ കഴിവുറ്റവളാണ്. പക്ഷേ, ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണവര്‍.’ ഇതേ അഭിപ്രായ പ്രകടനങ്ങളാണ് ഹനാദിയുടെ നേട്ടത്തെ അഭിനന്ദിച്ച് രാജ്യത്തിനുള്ളിലെ യുവത നടത്തിയതും. അമാനിലെ അക്കാദമിയില്‍ വൈമാനികന്‍െറ യൂണിഫോമിനോടൊപ്പം ഹിജാബ് ധരിച്ച ഏക പരിശീലക അവള്‍ മാത്രമായിരുന്നു. 


മക്കയിലാണ് ഹനാദി ജനിച്ചത്. ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റിയില്‍നിന്ന് 1998ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് പിതാവിനോട് തന്‍െറ ആഗ്രഹം അറിയിക്കുന്നതും, വൈമാനിക ആകാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതും. ആ അന്വേഷണമാണ് അമാനിലെത്തി നിന്നത്. വ്യോമയാന രംഗത്തെ 100 ശ്രേഷ്ട സ്ത്രീ വ്യക്തിത്വങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ അവളും ഉള്‍പ്പെട്ടു. 10 വര്‍ഷത്തെ കരാറോടെയാണ് വലീദ് രാജകുമാരന്‍െറ ഏവിയേഷന്‍ കമ്പനിയില്‍ ചേര്‍ന്നത്. 

യാസ്മീന്‍ മുഹമ്മദ് അല്‍മൈമാനി
 

2014ല്‍ ഹനാദിക്ക് ഒരു പിന്‍ഗാമിയുണ്ടായി. യാസ്മീന്‍ മുഹമ്മദ് അല്‍മൈമാനി എന്ന പെണ്‍കുട്ടി സൗദി ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷനില്‍ നിന്ന് കോമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടി. വ്യോമയാന രംഗത്ത് സൗദി സ്ത്രീശാക്തീകരണം അങ്ങനെ മുന്നേറുകയാണ്. അതിനിടയില്‍ വൃക്കരോഗത്തിനടിപ്പെട്ട ഹനാദി അവരെ സ്നേഹിക്കുന്ന എല്ലാവരേയും ദുഃഖത്തിലാഴ്ത്തിയിരുന്നു. 2009ലായിരുന്നു അത്. ഒരു ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുകയും പൂര്‍വാധികം ശക്തിയോടെ മടങ്ങി​യെത്തുകയും ചെയ്തു. 

ദൃഢനിശ്ചയത്തിന്‍െറ പ്രതീകമാണ് ഹനാദി. വ്യോമയാന പാതയിലാണ് അവര്‍ വിപ്ലവം സാധ്യമാക്കിയതെങ്കിലും മാറ്റിയെഴുതിയത് സൗദി പെണ്‍മയുടെ തന്നെ ആകെ ചരിത്രമായിരുന്നു. അതുകൊണ്ടാണ് മണ്ണില്‍ വളയം പിടിക്കാനൊരുങ്ങുന്ന ഒാരോ സൗദി പെണ്ണിനും ഹനാദിയെ ഓര്‍ക്കാതിരിക്കാനാവില്ല എന്ന് പറയുന്നത്. ഹനാദി വിണ്ണില്‍ തുടങ്ങി, മണ്ണില്‍ അത് വലിയ വിപ്ലവമായി പടരുന്നു. 

Tags:    
News Summary - hanadi zakaria al hindi- saudi arabia women driving- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.