മക്ക: ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച ‘മക്ക റൂട്ട്’ പദ്ധതി ഇത്തവണ 10 രാജ്യങ്ങളിലായി വ്യാപിപ്പിക്കുന്നു. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, ഐവറി കോസ്റ്റ്, മാലി ദ്വീപ് എന്നീ രാജ്യങ്ങൾക്ക് പുറമെ, ഈ വർഷം മുതൽ സെനഗൽ, ബ്രൂണൈ ദാറുസ്സലാം എന്നീ രാജ്യങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 രാജ്യങ്ങളിലെ 17 പ്രവേശന കവാടങ്ങൾ വഴിയാണ് തീർത്ഥാടകർക്ക് ഈ സേവനം ലഭ്യമാകുക. തീർത്ഥാടകർക്ക് അവരുടെ മാതൃരാജ്യങ്ങളിൽ വെച്ച് തന്നെ ഹജ്ജ് വിസ നടപടികൾ പൂർത്തിയാക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇലക്ട്രോണിക് വിസ ലഭ്യമാക്കുന്നത് മുതൽ വിമാനത്താവളങ്ങളിലെ സ്വീകരണം, ആരോഗ്യ സുരക്ഷാ പരിശോധനകൾ, ലഗേജുകൾ തരംതിരിക്കൽ തുടങ്ങി എല്ലാ നടപടികളും പുറപ്പെടുന്ന രാജ്യത്ത് വെച്ച് തന്നെ പൂർത്തിയാക്കാൻ സാധിക്കും. സൗദിയിൽ എത്തുന്ന തീർത്ഥാടകർക്ക് വിമാനത്താവളത്തിലെ ദീർഘമായ കാത്തിരിപ്പ് ഒഴിവാക്കി പ്രത്യേക റൂട്ടുകൾ വഴി മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിലേക്ക് നേരിട്ട് ബസുകളിൽ യാത്ര ചെയ്യാം.
ഇവരുടെ ലഗേജുകൾ ബന്ധപ്പെട്ട ഏജൻസികൾ നേരിട്ട് താമസസ്ഥലങ്ങളിൽ എത്തിക്കും. 2017-ൽ ആരംഭിച്ച ഈ വിപ്ലവകരമായ പദ്ധതിയിലൂടെ ഇതുവരെ 12 ലക്ഷം തീർത്ഥാടകർക്ക് സേവനം ലഭ്യമായിട്ടുണ്ട്. വിദേശകാര്യം, ആരോഗ്യം, ഹജ്ജ്-ഉംറ മന്ത്രാലയങ്ങൾക്കൊപ്പം സിവിൽ ഏവിയേഷൻ അതോറിറ്റി, സകാത്ത്-ടാക്സ്-കസ്റ്റംസ് അതോറിറ്റി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായ) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ജനറൽ അതോറിറ്റി ഫോർ എൻഡോവ്മെൻറ്സ്, ഗസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം, പാസ്പോർട്ട് വിഭാഗം എന്നിവരും ഡിജിറ്റൽ പങ്കാളിയായ എസ്.ടി.സി ഗ്രൂപ്പും ഈ ബൃഹത്തായ ദൗത്യത്തിൽ പങ്കുചേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.