സംസ്ഥാന ഭരണത്തിെൻറ ഭാവി നിർണയിക്കാനുള്ള നിർണായകമായ ജനവിധി പോളിങ് ബൂത്തുകളിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. 1957 മുതൽ കേരളം സാക്ഷ്യം വഹിച്ച മാറിമാറി വരുന്ന ഭരണക്രമത്തിന് അച്യുതമേനോൻ സർക്കാരിെൻറ കാലം മുതൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും, രണ്ട് ടേമുകൾ പൂർത്തിയാക്കിയ ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയ ചരിത്രത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നു.
രാഷ്ട്രീയ കാലാവസ്ഥ ഏറെ സങ്കീർണമായതിനാൽ തന്നെ, പോളിങ് ശതമാനമോ പുറത്തുവരുന്ന സർവ്വേ ഫലങ്ങളോ ജനഹിതത്തിെൻറ പൂർണരൂപം വെളിപ്പെടുത്താൻ പര്യാപ്തമല്ല എന്നതാണ് യാഥാർഥ്യം. ദേശീയ തെരഞ്ഞെടുപ്പിലോ തദ്ദേശ തെരഞ്ഞെടുപ്പിലോ പ്രതിഫലിക്കുന്ന ജനവികാരമല്ല സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറുള്ളത്.
അതിനാൽ തന്നെ മുൻ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലുകൾക്ക് ഇവിടെ പ്രസക്തി കുറവാണ്. കേരളത്തിെൻറ ഉയർന്ന സാക്ഷരതയും, വിദ്യാഭ്യാസമുള്ള പുതുതലമുറയുടെ വിവേകപൂർണമായ തീരുമാനങ്ങളും വോട്ടിങ് രീതിയെ കൂടുതൽ മികവുറ്റതാക്കുന്നുണ്ട്. ജനജീവിതത്തിലെ സമാധാനവും സുരക്ഷിതത്വബോധവുമാണ് ഓരോ വോട്ടറുടെയും തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ‘ആരാകും അടുത്ത മുഖ്യമന്ത്രി’ എന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു ചർച്ച ജനാധിപത്യ മൂല്യങ്ങളോടുള്ള ബഹുമാനക്കുറവാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. സത്യത്തിൽ, ആരാണ് ‘പാർലമെൻററി പാർട്ടി ലീഡർ’ ആകേണ്ടത് എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുന്നവർ ഭരണനേതൃത്വത്തിലേക്കും അല്ലാത്തവർ പ്രതിപക്ഷ നേതൃത്വത്തിലേക്കും വരുന്നത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയാണ്.
ഭരണം ലഭിച്ചാൽ മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് കരുതുന്നതും, പ്രതിപക്ഷത്താകുമ്പോൾ ഒഴികഴിവുകൾ പറഞ്ഞ് മാറിനിൽക്കാൻ ശ്രമിക്കുന്നതും ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ല.
ഒരു ഭരണപക്ഷ നേതാവിനേക്കാൾ ജനപക്ഷത്തുനിന്ന് പ്രവർത്തിക്കാൻ പലപ്പോഴും കരുത്തനായ ഒരു പ്രതിപക്ഷ നേതാവിന് സാധിക്കും. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും സാമൂഹിക നന്മക്കും ഉന്നത മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളാനാണ് നേതാക്കൾ പരിശ്രമിക്കേണ്ടത്. മാതൃകാപരമായ ഒരു ജനാധിപത്യ സംസ്കാരം ഉയർത്തിപ്പിടിക്കാൻ നിയുക്തരായവർക്ക് സാധിക്കുമ്പോഴാണ് ജനവിധി അർഥപൂർണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.