ജിദ്ദ: ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനമേളയും നാലാം പതിപ്പ് തിങ്കളാഴ്ച ജിദ്ദയിൽ ആരംഭിക്കും. നാല് ദിവസങ്ങളിലായി ജിദ്ദ സുപ്പർ ഡോമിൽ നടക്കുന്ന സമ്മേളനത്തിൽ ഹജ്ജ് ഉംറയുമായി സേവന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ, അക്കാദമിക് പ്രമുഖർ, തീർഥാടക കാര്യ ഓഫിസുകളുടെ പ്രതിനിധികൾ, നയതന്ത്ര ദൗത്യങ്ങൾ, പൊതു-സ്വകാര്യ-നോൺ പ്രോഫിറ്റ് മേഖലകളിൽ നിന്നുള്ള നേതാക്കൾ ഉൾപ്പെടെ 300ലധികം വ്യക്തികളും പ്രാദേശിക-അന്തർദേശീയ പ്രദർശകരും പങ്കെടുക്കും.
പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധരിൽ നിന്നുള്ള 130ലധികം പ്രഭാഷകരുടെ പങ്കാളിത്തത്തോടെ 47ലധികം ചർച്ച സെഷനുകളും 50 വർക്ക് ഷോപ്പുകളും സംഘടിപ്പിക്കും. ഹജ്ജ് ഉംറയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവിധ സെഷനുകളിലായി സമ്മേളനത്തിൽ ചർച്ച ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ചും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഹജ്ജ് യാത്ര മെച്ചപ്പെടുത്തുന്നതിനുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന പ്രദർശനവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമിന്റെ സഹകരണത്തോടെ ഹജ്ജ്, ഉംറ മന്ത്രാലയമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഹജ്ജ്, ഉംറ സംവിധാനത്തിലെ ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങളും ഗുണപരമായ സേവനങ്ങളും അവതരിപ്പിക്കുന്നു. കൂടാതെ ദൈവത്തിന്റെ അതിഥികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന പുതുമകളും സമ്മേളനം എടുത്തുകാണിക്കും.
ഹജ്ജ് കാര്യങ്ങൾക്കുള്ള ക്രമീകരണങ്ങളുടെയും അടുത്ത ഹജ്ജ് സീസണിനായുള്ള നേരത്തെയുള്ള തയാറെടുപ്പുകളുടെയും ഭാഗമായി ഹജ്ജ്, ഉംറ മന്ത്രാലയം ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 80 ഹജ്ജ് കാര്യ ഓഫിസുകളുമായി ഹജ്ജ് കരാറുകൾ പൂർത്തിയാക്കിയ ശേഷമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഹജ്ജ്, ഉംറ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തുന്നതിനും അറിവും അനുഭവങ്ങളും കൈമാറുന്നതിനും തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള അവസരമാണ് ഈ സമ്മേളനമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.