'ജനാധിപത്യത്തെ സംരക്ഷിക്കാൻ ഗ്യാനേഷ് കുമാർ രാജിവെക്കുക'; തബൂക്ക് കെ.എം.സി.സി, എസ്. ഐ. സി
തബൂക്ക്: 'ജനാധിപത്യത്തെ സംരക്ഷിക്കാൻ ഗ്യാനേഷ് കുമാർ രാജിവെക്കുക' എന്ന ആഹ്വാനവുമായി തബൂക്ക് കെ.എം.സി.സി യും എസ്. ഐ.സിയും തബൂക്കിൽ സംയുക്തമായി ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു. ജനാധിപത്യ ഇന്ത്യയുടെ സൗന്ദര്യം നിലനിൽക്കണമെങ്കിൽ തെരഞ്ഞെടുപ്പ് ചീഫ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂ എന്ന് യോഗം അഭിപ്രായപ്പെട്ടു. എസ്.ഐ.ആർ എന്ന ആശയം കൊണ്ടുവന്ന് ഒട്ടനവധി നിരപരാധികളായ വോട്ടർമാരെ വോട്ടർലിസ്റ്റിൽ നിന്നും അകാരണമായി ഒഴിവാക്കിയത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവും എം.പിമാരും തെളിവ് സഹിതം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കുന്ന നയമാണ് ബി.ജെ.പി സർക്കാർ കൈക്കൊള്ളുന്നത്. വാർത്താമാധ്യമങ്ങൾക്ക് മുന്നിൽ രാഹുൽഗാന്ധിയും ഇന്ത്യാസഖ്യവും എണ്ണിയെണ്ണി വോട്ട് ചോരി എന്നപേരിൽ ഉദാഹരണങ്ങൾ കാണിച്ചിട്ടും തെരഞ്ഞെടുപ്പ് കമീഷൻ ഒഴിഞ്ഞു മാറുന്ന സമീപനം ഏറെ പ്രതിഷേധാർഹമാണെന്നും ഐക്യദാർഢ്യസംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു. ഫസൽ എടപ്പറ്റ, അലി വെട്ടത്തൂർ ,സാലി പട്ടിക്കാട്, ബീരാൻ കുട്ടി കുമ്മിണിപറമ്പ്, കാദർ ഇരിട്ടി, അബ്ദുൽ ഗഫൂർ പുതുപൊന്നാനി, ശിഹാബ് ഫൈസി, അബ്ദുറഹ്മാൻ ദാരിമി, ഇസ്മായിൽ പുള്ളാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.