റിയാദ്: പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി റിയാദിൽ അവാർഡ് നൈറ്റ് സംഘടിപ്പിച്ചു. ഹൈപ്പർ അൽ വഫയും ഷോല മാളും സംയുക്തമായി ഒരുക്കിയ ‘ഹൈപ്പർ അൽ വഫ എജു സ്റ്റാർ 2026’ എന്ന പേരിലുള്ള പരിപാടിക്ക് ഷോല മാളാണ് വേദിയായത്. റിയാദിലെ എട്ട് പ്രമുഖ സ്കൂളുകളിൽ നിന്നായി മുന്നൂറിലധികം വിദ്യാർഥികളാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായത്.
വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെ വൻ ജനപങ്കാളിത്തം കൊണ്ട് ഷോല മാൾ സജീവമായിരുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണത്തിന് പുറമെ, അവരുടെ ഭാവി പരിപോഷിപ്പിക്കുന്നതിനായി ഒരുക്കിയ പ്രത്യേക കരിയർ ഗൈഡൻസ് സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. ടാർഗെറ്റ് ഗ്ലോബൽ അക്കാദമിയുടെ സഹകരണത്തോടെ നടന്ന സെഷന് പ്രശസ്ത കരിയർ മെൻറർ എം.സി. മുനീർ നേതൃത്വം നൽകി. ഉപരിപഠനത്തെക്കുറിച്ചും കരിയർ സാധ്യതകളെക്കുറിച്ചുമുള്ള വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടിയും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.
ചടങ്ങിൽ അൽ വഫ ഹെഡ് ഓഫ് ലീസിങ് ആൻഡ് മാൾ ഓപ്പറേഷൻസ് അബ്ദുൽ മുഹൈമിൻ ചിറക്കൽ, അൽ വഫ ഓപ്പറേഷൻ ഇൻ ചാർജ് മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം പ്രമുഖ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, സുഹാസ് ചെപ്പാലി എന്നിവരും പങ്കെടുത്തു. വഫ മാനേജ്‌മെൻറ് പ്രതിനിധികളായ അബ്ദുൽ ജലീൽ, നാസർ, റിയാസ് തുടങ്ങിയ പ്രമുഖരും അവാർഡ് നൈറ്റിന് സാന്നിധ്യമറിയിച്ചു. പുരസ്കാര വിതരണത്തോടൊപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ ഗെയിമുകളും ചടങ്ങിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.