ജിദ്ദ: ദൈവനാമങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് നിർണായക നീക്കവുമായി സൗദി വാണിജ്യ മന്ത്രാലയം. അല്ലാഹുവിന്റെ പരിശുദ്ധമായ നാമങ്ങളോ ദൈവ സ്തുതികളോ അനാദരിക്കപ്പെടാൻ സാധ്യതയുള്ള ഒരു വസ്തുക്കളിലും രേഖപ്പെടുത്തരുതെന്ന് മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി.
ഉപയോഗത്തിന് ശേഷം വലിച്ചെറിയപ്പെടുന്ന ക്യാരി ബാഗുകൾ, റാപ്പറുകൾ, പാക്കിങ് മെറ്റീരിയലുകൾ എന്നിവയിൽ ഇത്തരം നാമങ്ങൾ പതിപ്പിക്കുന്നത് നിരോധിച്ചതായി മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ദൈവനാമങ്ങൾ ആദരിക്കപ്പെടേണ്ടതാണെന്നും അവ അശ്രദ്ധമായി കൈകാര്യം ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കിയ വാണിജ്യ നാമ നിയമപ്രകാരം വ്യാപാര സ്ഥാപനങ്ങൾക്ക് പേരിടുമ്പോഴും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹുവിന്റെ നാമങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ പേരുകൾ, നഗരങ്ങളുടെയോ പൊതുസ്ഥലങ്ങളുടെയോ നാമങ്ങൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ പാടില്ല. ‘സൗദി അറേബ്യ’ എന്ന പേര് ഉപയോഗിക്കുന്നതിനും പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണം.
വിശ്വാസപരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തന്നെ വാണിജ്യരംഗത്ത് വ്യക്തമായ അച്ചടക്കം കൊണ്ടുവരാനും ഈ നിയമം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.