ബി.ജെ.പി മലയാളിയുടെ പ്രതികരണ ശേഷി പരീക്ഷിക്കുന്നു -ഗണേഷ്കുമാര്‍

ജുബൈല്‍: വിവാദമുണ്ടാക്കി മലയാളിയുടെ പ്രതികരണ ശേഷി അറിയാനുള്ള പരിശോധനയാണ് കമലിനേയും എം.ടി യേയും അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പി നടത്തുന്നതെന്ന് മുന്‍ മന്ത്രിയും ചലച്ചിത്ര താരവുമായ കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എ. ദേശീയഗാനം ഒരു രാജ്യത്തിന്‍െറ അഭിമാനമാണ്.
രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നത് അന്തസാണ്. എന്നാല്‍ ദേശീയ ഗാന വിഷയത്തെ ബി.ജെ.പി രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇത്തരം വിവാദ പ്രസ്താവനകള്‍ നോട്ടു നിരോധനം പോലെ  ജനങ്ങള്‍ക്കുമേലുള്ള ഒരു ടെസ്റ്റ് ഡോസാണ്.
ഇതില്‍  ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത ഘട്ടത്തില്‍  എങ്ങനെ ദ്രോഹിക്കാമെന്നാണ് മോദി ആലോചിക്കുന്നതെന്നും ‘ഗള്‍ഫ് മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മികച്ച  എഴുത്തുകാരനും സാംസ്കാരിക പ്രതിഭയുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് വലിയ  സ്ഥാനമാണ് കേരള ജനത നല്‍കിയിട്ടുള്ളത്. അങ്ങനെയൊരാള്‍ക്ക് തന്‍െറ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ല എന്ന് വരുന്നത് വളരെ മോശമാണ്. മുഖ്യമന്ത്രി പിണറായി വിജയന്  മറ്റൊരു സംസ്ഥാനത്തു ചെന്ന് മലയാളികളോട് സംസാരിക്കാനാവില്ല എന്ന് പറയുന്നതിലെ ധാര്‍ഷ്ട്യം ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെയാണ് ചോദ്യം ചെയ്യുന്നത്.
നോട്ടു നിരോധം പാവപ്പെട്ടവനെയും പണക്കാരനെയും ഒരുപോലെ  ബാധിച്ചിട്ടുണ്ട്.
എല്ലാരേയും ബാധിക്കുന്ന കാര്യത്തില്‍ പ്രതികരണ ശേഷി എങ്ങനെയുണ്ടെന്ന് നോക്കുകയാണ്. ഈ വിഷയത്തില്‍ ആകെ പ്രതികരിച്ചത് കേരളവും ബംഗാളും ഡല്‍ഹിയും മാത്രമാണ്.
അടിയന്തരാവസ്ഥയില്‍ ഉണ്ടായതിനേക്കാള്‍ വലിയ അക്രമമാണ് ഇന്ത്യയില്‍ നോട്ടു നിരോധനം മൂലം ജനങ്ങള്‍ക്ക് മേലുണ്ടായിരിക്കുന്നത്. പിണറായി വിജയനെന്ന മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്നും മറ്റു വിവാദങ്ങളെ സംബന്ധിച്ച് ഒന്നും പ്രതികരിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
 ആദ്യമായാണ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. വരാനായതില്‍ വളരെ സന്തോഷമുണ്ടെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.

Tags:    
News Summary - Ganesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.