ദമ്മാം: ഒരിടത്ത് താമസിക്കുന്ന പന്ത്രണ്ടോളം മലയാളി കുടുംബങ്ങൾ ഈദ് അവധിദിനം ആഘോഷിച്ചത് ഒമാനിലെ സലാലയിൽ. യാത്രകളെ ഇഷ്ടപ്പെടുന്ന ‘ലെറ്റ് ഗേറ്റ് എവേ’ വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളാണിവർ. മുൻവർഷങ്ങളിലെ യാത്രകളിൽ സൗദിയുടെ ഏതാണ്ടെല്ലാ പ്രവിശ്യകളും സന്ദർശിച്ച് കഴിഞ്ഞതുകൊണ്ടാണ് ഇത്തവണ മറ്റൊരു രാജ്യം തിരഞ്ഞെടുത്തതെന്ന് ഇവർ പറഞ്ഞു. റമദാൻ വ്രതം പൂർത്തിയായപ്പോൾ ലഭിച്ച ഒരാഴ്ച നീളുന്ന അവധി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയിൽ നിന്നാണ് ഒന്നിച്ചുള്ള യാത്രയെന്ന ആശയം രൂപപ്പെടുന്നത്.
ഇതിനുള്ള തയാറെടുപ്പുകൾ നേരത്തെ തന്നെ പൂർത്തിയാക്കി. മുതിർന്നവരും കുട്ടികളുമടക്കം 49 പേർ അടങ്ങുന്ന സംഘം അൽ ഖോബാറിൽ നിന്നും റോഡ് മാർഗം ബസിൽ 2000ത്തോളം കിലോമീറ്റർ സഞ്ചരിച്ചാണ് സലാലയിൽ എത്തിയത്. രണ്ടുവർഷം മുമ്പ് തുറന്ന സൗദി-ഒമാൻ പുതിയ റോഡ് മാർഗമാണ് സംഘം യാത്ര ചെയ്തത്.
ഏറ്റവും അപകടം നിറഞ്ഞ റുബ്ബുൽ ഖാലിയെന്ന മുരുഭൂമിയെ കീറിമുറിച്ചുകൊണ്ടുള്ള 700 കിലോമീറ്ററോളം നീളുന്ന യാത്ര, 300 കിലോമീറ്റർ വ്യത്യാസത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പെട്രോൾ സ്റ്റേഷനുകൾ, വളരെ സുഗമമായ എമിഗ്രേഷൻ സംവിധാനം എന്നിങ്ങനെ വ്യത്യസ്ത അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് യാത്രാസംഘത്തിലുള്ളവർ പറയുന്നു.
അറേബ്യൻ മണലാര്യണത്തിലെ കേരളമാണ് സലാല എന്നും എല്ലാവരിലും ഗൃഹാതുരത്വം ഉണർത്താൻ പച്ചപ്പും പ്രകൃതിസൗന്ദര്യവും കൃഷിയിടങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും മനോഹരമായ കടൽ ത്തീരവും നിറഞ്ഞ ആ നാടിനായെന്നും സംഘത്തിലുള്ളവർ പറഞ്ഞു. അവിടെയും കണ്ട മലയാളി മുഖങ്ങളും സ്ഥാപനങ്ങും ഇത് കേരളം തന്നെയാണോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ആറുദിവസത്തെ യാത്രക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയത് ഒമാനിലെ ടൂർ ഓപറേറ്റർ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി രാകേഷാണ്. യാത്രാസംഘത്തിന് നേതൃത്വം നൽകിയ കോഓഡിനേറ്റർ സുജാത് സുധീറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.