ചൈനയിലേക്ക് സൗദി പൗരന്മാർക്ക് ഫ്രീ വിസ, ഇന്ത്യക്കാർക്കും നടപടി ലളിതം

റിയാദ്: വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ചൈന വിസ നിയമത്തിൽ സമൂലം മാറ്റം പ്രഖ്യാപിച്ചു. 2018 മുതൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ചൈന ഓൺ അറൈവൽ വിസ നൽകിവരുന്നു. സൗദി അറേബ്യയും ബഹ്‌റൈനും ഒമാനും ആ ലിസ്​റ്റിൽ ഉണ്ടായിരുന്നില്ല.

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മുഴുവൻ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവും. പുതിയ നിയമം 2026 ജൂൺ ഒമ്പത്​ മുതൽ നടപ്പാവും. നിലവിൽ സൗദി പൗരന്മാർക്ക് വിസ ലഭിക്കാൻ മറ്റ് രാജ്യക്കാരെ പോലെ അപേക്ഷിക്കുകയും ഫീസ് നൽകി മൂന്ന് നാലോ പ്രവൃത്തി ദിവസം കാത്തിരിക്കുകയും വേണം. പുതിയ വിസാനിയമം പ്രാബല്യത്തിലാകുന്നതോടെ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്ര പോലെ ചൈനയിലേക്ക് അനായാസം പറക്കാനാകും.

ആദ്യ എൻട്രിയിൽ 30 ദിവസം മാത്രമാണ് ചൈനയിൽ താങ്ങാനാവുക. ടൂറിസം, ഹ്രസ്വകാല ബിസിനസ്​ പദ്ധതി, കുടുംബ ബന്ധു മിത്രാദികളെ സന്ദർശിക്കൽ എന്നീ ആവശ്യങ്ങൾക്കായി അനുവദിക്കുന്ന ഓൺ അറൈവൽ വിസയിൽ ചൈനയിൽ എത്തുന്നവർ 30 ദിവസത്തിനകം രാജ്യം വിടണം. ഒരു മാസത്തിലധികം ചൈനയിൽ താങ്ങാൻ പദ്ധതിയുള്ളവർ പഴയത് പോലെ വിസ സെൻററിൽനിന്ന് വിസ നേടേണ്ടതുണ്ട്.

വിദ്യാർഥികൾക്കും ഒരു മാസത്തിലധികം ചൈനയിൽ തങ്ങുന്ന ബിസിനസ്​ ആവശ്യത്തിനായുള്ള യാത്രികർക്കും വിസ പഴയ രീതിയിൽ തന്നെ തുടരും. വലിയ ചെലവില്ലാതെ ചൈനയിൽ വേഗം എത്താനാകുന്ന ഹോംങ്​കോങ്ങിലേക്ക് സൗദി പൗരന്മാർക്ക് ഓൺ അറൈവൽ വിസയാണ് നിലവിലുള്ളത്. ഒരു മാസത്തിൽ കൂടുതൽ തങ്ങാൻ പദ്ധതിയുള്ളവർ ഇനി ഹോങ് കോങ്ങിൽ പോയി അന്ന് തന്നെ പുതിയ എൻട്രിയിൽ ചൈനയിലേക്ക് തിരിച്ചു എത്താനും കഴിയും.

ഗൾഫ്​ രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യക്കാർക്കും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത് പോലെ അത്ര കഠിനമല്ല വിസാനടപടികൾ. സിംഗിൾ എൻട്രിയും ആറുമാസത്തിൽ രണ്ട് എൻട്രിയുമുള്ള വിസകൾ അനുവദിക്കുന്നുണ്ട്. ഓൺലൈൻ അപേക്ഷയും സ്‌പോൺസറുടെ കത്തും യാത്ര, താമസരേഖയുടെ കോപ്പിയും ടിക്കറ്റും വിസ ഫീസും നൽകിയാൽ മൂന്ന് ദിവസത്തിനകം വിസ ലഭിക്കും.

അധിക ഫീസ് നൽകി അതിവേഗ സേവനത്തിൽ നൽകിയാൽ രണ്ട് പ്രവൃത്തി ദിവസത്തിൽ തന്നെ വിസ ലഭിക്കും. 10 മണിക്കൂറോളം യാത്രയുള്ള ചൈനയിലേക്ക് സീസൺ അല്ലാത്ത സമയത്ത് 800 സൗദി റിയാൽ മുതൽ ടിക്കറ്റ് ലഭ്യമാണ്. വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ളവ ചൈനയിലേക്കുള്ള യാത്രികരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായുള്ളത്.

Tags:    
News Summary - Free visa for Saudi citizens to China, simplified procedure for Indians too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.