ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം
ജുബൈൽ: സൗദി അറേബ്യയുടെ വാണിജ്യ-കയറ്റുമതി മേഖലകൾക്ക് കൂടുതൽ കരുത്തുപകരുന്നതിനായി ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖത്തും ജുബൈൽ വാണിജ്യ തുറമുഖത്തും എത്തുന്ന ഒഴിഞ്ഞ കണ്ടെയ്‌നറുകളുടെ സൗജന്യ സ്റ്റോറേജ് കാലാവധി സൗദി പോർട്സ് അതോറിറ്റി (മവാനി) ദീർഘിപ്പിച്ചു.
നിലവിൽ 10 ദിവസമായിരുന്ന സ്റ്റോറേജ് ഫീ ഇളവ് ഇതോടെ 20 ദിവസമായി വർധിക്കും. രാജ്യത്തെ തുറമുഖങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പുതിയ നീക്കം. ഷിപ്പിംഗ് കമ്പനികളെ കൂടുതൽ ഒഴിഞ്ഞ കണ്ടെയ്‌നറുകൾ കിഴക്കൻ പ്രവിശ്യയിലെ തുറമുഖങ്ങളിലേക്ക് എത്തിക്കാൻ പ്രേരിപ്പിക്കുക വഴി ചരക്ക് നീക്കം സുഗമമാക്കുകയാണ് ഈ ഇളവിലൂടെ ലക്ഷ്യമിടുന്നത്.
ഇതര ഗൾഫ് തുറമുഖങ്ങളിൽ നിന്നുള്ള ഒഴിഞ്ഞ കണ്ടെയ്‌നറുകൾ ദമ്മാം, ജുബൈൽ തുറമുഖങ്ങളിലേക്ക് എത്തുന്നത് വഴി ആഭ്യന്തര കയറ്റുമതിക്കാർ നേരിടുന്ന കണ്ടെയ്‌നർ ക്ഷാമത്തിന് വലിയ പരിഹാരമാകും. ദേശീയ ഗതാഗത-ലോജിസ്റ്റിക്സ് നയത്തിന്റെ ഭാഗമായി സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണിത്.
ജുബൈൽ വാണിജ്യ തുറമുഖം
ഗുണമേന്മയുള്ള സേവനങ്ങളിലൂടെ തുറമുഖങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും അന്താരാഷ്ട്ര തലത്തിൽ സൗദി തുറമുഖങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും ഇത്തരം നടപടികൾ സഹായിക്കും. കയറ്റുമതി മേഖലക്ക് ആവശ്യമായ സൗകര്യങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടാനാണ് മവാനി ഇതിലൂടെ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.