ഡിജിറ്റൽ യുഗത്തിൽ തട്ടിപ്പുകളിലും ഒരു ഡിജിറ്റൽമയം വന്നിട്ടുണ്ട്. കള്ളന്മാരും ഇപ്പോൾ ഡിജിറ്റലാണ്, ജാഗ്രതൈ. ഫോൺ കാൾ അല്ലെങ്കിൽ വിഡിയോ കാളിലൂടെ പൊലീസാണെന്നും കസ്റ്റംസാണെന്നും നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും ബോധ്യപ്പെടുത്തി ആളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വാർത്തകൾ ദിനംപ്രതി ഇന്ത്യയിൽ കൂടിവരുകയാണ്. സർക്കാർ പരസ്യത്തിലൂടെയും പ്രീ-റെക്കോഡഡ് ഫോൺ മെസേജിലൂടെയും ജനങ്ങളെ ബോധവവത്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകളിൽ കുറവുകാണുന്നില്ല.
കുൽനാ അമൻ ആപ്പ്
ഇപ്പോൾ സൗദിയിലും സമാനമായ തട്ടിപ്പുകളുടെ വാർത്തകളാണ് പുറത്തുവരുന്നത്. എനിക്കും കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു ഫോൺകാൾ വന്നു. ഒമാൻ പൊലീസിെൻറ ഇ-മെയിൽ ഐഡിയിൽനിന്ന് ഗൂഗിൾമീറ്റ് കാൾ ആണ് വന്നത്. ജിദ്ദ പൊലീസ് ആണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പൊലീസ് യൂനിഫോം ധരിച്ച ആൾ സംസാരിച്ചു തുടങ്ങിയത്. ആദ്യം അറബിയിൽ സംസാരിച്ചുതുടങ്ങിയ വ്യക്തി ഞാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇംഗ്ലീഷിലേക്ക് സംസാരം മാറ്റി.
താങ്കളുടെ പേരിൽ സംശയാസ്പദമായ ഒരു ആമസോൺ ഷിപ്മെൻറ് വന്നിട്ടുണ്ടെന്നും അതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞതോടെ തട്ടിപ്പ് മനസ്സിലാക്കിയ ഞാൻ സ്വന്തം വിഡിയോ ഓഫ് ചെയ്തു. എന്നാൽ കാമറ ഓൺ ചെയ്യാൻ അയാൾ തുടർച്ചയായി ആവശ്യപ്പെട്ടു. താൻ ജിദ്ദ പൊലീസ് ആണെന്ന ഭീഷണിയും തുടർന്നു. തമാശ രൂപത്തിൽ ‘ഞാൻ റിയാദ് പൊലീസ്’ ആണെന്ന് മറുപടി പറഞ്ഞു. അതോടെ ‘ജിദ്ദ പൊലീസുകാരൻ’ ഫോൺ കട്ട് ചെയ്തു. തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായെന്ന് അയാൾക്ക് തോന്നിക്കാണണം. അതാണ് ഫോൺ കട്ട് ചെയ്ത് പോയത്.
മറ്റൊരു സാമൂഹികപ്രവർത്തകനായ ഷാജു പത്തനാപുരത്തിനും സമാന അനുഭവമുണ്ടായതായി പറയുന്നു. പ്രവാസികൾ ഇത്തരം തട്ടിപ്പുസംഘങ്ങളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. പൊലീസ് ആണെന്നും അറസ്റ്റ് ചെയ്യുമെന്നും ഇഖാമയും ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുമെന്നും ഭയപ്പെടുത്തി പണം സമ്പാദിക്കുകയാണ് ലക്ഷ്യം. തട്ടിപ്പുകാർ ചിലപ്പോൾ സൗദി അറേബ്യക്ക് പുറത്തിരുന്നുകൊണ്ടാകണം ഓപറേഷൻസ് നടത്തുന്നത്.
പലരെയും പല വിധത്തിലാണ് അവർ വലയിലാക്കുന്നത്. ആമസോണിൽ ഒരു ഷിപ്മെൻറ് വന്നിട്ടുണ്ടെന്നും അതിൽ മയക്കുമരുന്നുണ്ടെന്നും അതിെൻറ ഭാഗമായി നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണ് ആദ്യഘട്ടം. വിഡിയോ കാളിൽ സംസാരിക്കുന്ന വ്യക്തി വേഷത്തിലും ഭാവത്തിലും ഒരു പൊലീസ് രീതി അവലംബിച്ചിട്ടുണ്ടാകും. അയാളിരിക്കുന്ന മുറിയും ഒരു പൊലീസ് സൈബർ സെല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാകും ഒരുക്കിയിട്ടുണ്ടാവുക.
ഇതൊക്കെ കണ്ട് നമ്മൾ ഭയപ്പെട്ടു എന്ന് ബോധ്യപ്പെട്ടാൽ പിന്നെ നമ്മളെ രക്ഷിക്കാമെന്നും മൊബൈലിൽ വരുന്ന ഒരു ഒ.ടി.പി നൽകിയാൽ മതിയെന്നുമാകും പറയുക. അല്ലെങ്കിൽ നമ്മുടെ ബാങ്ക് കാർഡിെൻറ നമ്പറും സെക്യൂരിറ്റി കോഡും ആവശ്യപ്പെടും. അങ്ങേയറ്റം വിശ്വസനീയമായ രീതിയിലാകും ഇതൊക്കെ ആവശ്യപ്പെടുന്നത്. മറ്റൊന്നും ആലോചിക്കാതെ നമ്മൾ വിവരങ്ങൾ നൽകുന്നതോടെ ബാങ്ക് അക്കൗണ്ട് കാലിയാകും. ഇതാണ് അവരുടെ പ്രവർത്തനരീതി.
ഒരിക്കലും സൗദി പൊലീസോ ബാങ്ക് അധികൃതരോ ഫോൺ വിളിച്ചോ വിഡിയോ കാൾ ചെയ്തോ സ്വകാര്യ ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടില്ല. ആരാണെന്ന് പറഞ്ഞാലും ഒരിക്കലും മൊബൈലിലേക്ക് വരുന്ന ഒ.ടി.പി മറ്റൊരാൾക്ക് കൈമാറരുത്. ഇത്തരം ഡിജിറ്റൽ തട്ടിപ്പുകളെ കുറിച്ച് സൗദി പബ്ലിക് സെക്യൂരിറ്റി ഡിപ്പാർട്മെൻറിെൻറ ‘കുൽനാ അമൻ’ (kollona Amn) എന്ന ആപ്പിലൂടെ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാം. അല്ലെങ്കിൽ അബ്ഷിർ വഴിയോ info@moi.gov.sa എന്ന ഇമെയിൽ വഴിയോ പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.