മറാഫി നഗര പദ്ധതി
ജിദ്ദ: ചെങ്കടലിനെയും ജിദ്ദ നഗരത്തെയും ബന്ധിപ്പിക്കുന്ന വിസ്മയ നഗരപദ്ധതിയായ ‘മറാഫി’ക്ക് തറക്കല്ലിട്ടു. നഗര ഭൂപ്രകൃതിയെ പുനരുജ്ജീവിപ്പിക്കാനും ചെങ്കടലിനെ ജിദ്ദയുടെ നഗര ഘടനയുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ട് ജിദ്ദയുടെ വടക്കുഭാഗത്താണ് ‘മറാഫി’ ഉപനഗരം നിർമിക്കുന്നത്. ഇതിന്റെ ശിലാസ്ഥാപനം മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അൽ നിർവഹിച്ചു. സൗദി പൊതുനിക്ഷേപ നിധിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഇൗ ഭീമൻ പദ്ധതി റോഷൻ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പാണ് നടപ്പാക്കുന്നത്.
1.18 കോടി ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് താമസസൗകര്യം ഒരുക്കുന്നതാണ് പദ്ധതി. വാണിജ്യസ്ഥാപനങ്ങൾ, സാംസ്കാരിക വേദികൾ, കടൽ വിനോദത്തിനുള്ള സൗകര്യം, റീട്ടെയിൽ സ്റ്റോറുകൾ, കഫേകൾ, റെസ്റ്റാറന്റുകൾ, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, വിനോദ ഇടങ്ങൾ എന്നിവ ഈ ഉപനഗരത്തിനുള്ളിൽ നിർമിക്കപ്പെടും. മറാഫി പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഈ ഉപനഗരത്തിനും ചെങ്കടലിനും ഇടയിൽ 11 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു കൃത്രിമ വാട്ടർ കനാലും നിർമിക്കും. ആ കനാലിന് വഹിക്കാനുള്ള നിർണായക പങ്കിനെക്കുറിച്ച് വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. പദ്ധതിയുടെയും നഗരപ്രദേശങ്ങളുടെയും നട്ടെല്ലായിരിക്കും ഇൗ കനാൽ. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി മറാഫി നഗരത്തെ നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് വാട്ടർ ടാക്സി, ഫെറി സർവിസ് ഈ കനാലിലൂടെ ആരംഭിക്കും. മറാഫിയിൽനിന്ന് പുറത്തേക്കും തിരിച്ചും യാത്രകൾ ഇത് സുഗമമാക്കും. മറാഫിയോട് ചേർന്നുള്ള കടൽത്തീരം അതുല്യമായ വിനോദ സഞ്ചാരനുഭവങ്ങൾ പ്രദാനം ചെയ്യും.
മറാഫി പദ്ധതി റിയൽ എസ്റ്റേറ്റ് വികസനത്തിന് പുതിയ മാനങ്ങൾ നൽകും. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യും. സമ്പന്നമായ വാണിജ്യ, വിനോദ, ഹോട്ടൽ സ്ഥാപനങ്ങളും വിശിഷ്ടമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമുള്ള ഒരു കടൽത്തീരവും ഉൾപ്പെടുന്ന മറാഫി ജീവിതശൈലിയെ സംയോജിപ്പിക്കുന്ന ഒരു ഗുണപരമായ കുതിപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ സൗദിയിൽനിന്ന് ഉൾപ്പെടാൻ ആഗ്രഹിക്കുന്ന മൂന്ന് നഗരങ്ങളിലൊന്നായി മാറണം എന്ന കാഴ്ചപ്പാടോടെയാണ് മറാഫി നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.