പി.കെ. സൈനുല്ലാബ്ദീൻ
റിയാദ്: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയും അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായിരുന്ന കോട്ടയം എരുമേലി പാറയിൽ വീട്ടിൽ പി.കെ. സൈനുല്ലാബ്ദ്ദീൻ (62) നിര്യാതനായി.
സുഖമില്ലാതെ നാല് വർഷത്തോളമായി വൈദ്യ പരിചരണത്തിലും വിശ്രമത്തിലുമായിരുന്ന അദ്ദേഹം ഞായറാഴ്ച പുലർച്ചെ വീട്ടിൽ വെച്ചാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെ അന്ത്യം സംഭവിക്കുകയായിരുന്നു. റിയാദിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകയും ശാരീരികമായി അവശനിലയിലാവുകയും ചെയ്തതോടെ നാലുവർഷം മുമ്പാണ് നാട്ടിൽ കൊണ്ടുപോയത്. നിലവിൽ കുടുംബത്തോടൊപ്പം കാഞ്ഞിരപ്പള്ളി പാറക്കടവിലാണ് താമസം.
ഇന്ന് അസർ നമസ്കാരാനന്തരം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബറിസ്ഥാനിൽ ഖബറടക്കും. മൂന്ന് പതിറ്റാണ്ടിലേറെ റിയാദിൽ പ്രവാസിയായിരുന്നു. സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. തുടക്ക കാലം മുതലെ റിയാദിൽ കോൺഗ്രസിന്‍റെ അനുഭാവ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന അദ്ദേഹം വലിയൊരു സൗഹൃദവലയത്തിനും ഉടമയാണ്. ഒ.ഐ.സി.സി രൂപവത്കരിച്ച ശേഷം റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ജീവകാരുണ്യ വിഭാഗം കൺവീനറായി.
ഇന്ത്യൻ എംബസിയുടെ വളന്‍റിയർ സംഘത്തിൽ അംഗമായി നിതാഖാത് കാലത്ത് ദുരിതത്തിലായവർക്ക് സേവനം നൽകാൻ രംഗത്തുണ്ടായിരുന്നു. രാജ്യത്തിന്‍റെ പലഭാഗത്ത് നിന്ന് നാടണയാനുള്ള വഴി തേടി റിയാദിലെ എംബസിയിലെത്തുന്നവർക്ക് ആവശ്യമായ സഹായം നൽകാൻ വിശ്രമമില്ലാതെ പ്രവർത്തിച്ച സന്നദ്ധപ്രവർത്തകരിൽ ഒരാളായിരുന്നു. റിയാദിലെ കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 2016ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ പ്രവാസി സ്ഥാനാർഥിയെന്ന നിലയിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു.
ദീർഘകാലം കുടുംബം റിയാദിൽ ഒപ്പമുണ്ടായിരുന്നു. പിതാവ്: എരുമേലി പാറയിൽ മുഹമ്മദ്. മാതാവ്: ഐഷാ. ഭാര്യ: സൗദ പനച്ചിക്കൽ. മക്കൾ: ഷെബിൻ, ഷെറിൻ, ഷെർമിൻ. മരുമക്കൾ: അനീഷ്, അൻസിഫ്, അയ്ഷു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.