ജലീൽ ഒഴുകൂർ, എൻ.പി സിക്കന്ദർ, നൗഷാദ് ചേരൂർ, അബ്ദുൽകരീം, മുനീർ പുളിയേക്കൽ, കെ.പി മുഹമ്മദ്, പാറ സലാം, പി.ടി അബ്ദുൽ നാസർ, സഹീർ മച്ചിങ്ങൽ, മാട്ടത്തൊടി അബ്ദു, ചൊക്ലി യുസൈറ ടീച്ചർ, ജാഫർ നീറ്റുകാട്ടിൽ

തെരഞ്ഞെടുപ്പ് ഗോദയിൽ മുൻ പ്രവാസി മുഖങ്ങൾ: കെ.എം.സി.സി ജിദ്ദ മുൻ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ അങ്കത്തട്ടിൽ

ജിദ്ദ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇത്തവണ നിരവധി ജിദ്ദ പ്രവാസികൾ ജനവിധി തേടുന്നത് ശ്രദ്ധേയമാകുന്നു. പ്രവാസ ലോകത്തെ തിരക്കുകൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും വിരാമമിട്ട് നാട്ടിലെത്തി നാടിന്റെ വികസന സ്വപ്നങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രാഷ്ട്രീയത്തിനന്റെ ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഈ പ്രവാസിമുഖങ്ങൾ. കെ.എം.സി.സി ജിദ്ദ ഘടകത്തിലെ മുൻ ഭാരവാഹികളും പ്രവർത്തകരുമാണ് മത്സരിക്കുന്നവരിൽ അധികവും.

കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് ചെയർമാനായിരുന്ന ജലീൽ ഒഴുകൂർ മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്ത് 20-ാം വാർഡിൽ മത്സരിക്കുന്നു. പരപ്പനങ്ങാടി നഗരസഭ നാലാം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.പി സിക്കന്ദർ കെ.എം.സി.സി ജിദ്ദ പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി അംഗമായിരുന്നു. കെ.എം.സി.സി ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് ഭാരവാഹിയായിരുന്ന നൗഷാദ് ചേരൂർ കണ്ണമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ യു.ഡി.എഫിന് വേണ്ടി ജനവിധി തേടുന്നു.

ജിദ്ദ കൊണ്ടോട്ടി മണ്ഡലം ഭാരവാഹിയായിരുന്ന അബ്ദുൽകരീം വാഴക്കാട് പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്. വാഴക്കാട് പഞ്ചായത്തിൽ തന്നെ 11 ആം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി മുനീർ പുളിയേക്കലും കെ.എം.സി.സി ജിദ്ദ മുൻ പ്രവർത്തകനാണ്. ജിദ്ദ കോഴിക്കോട് ജില്ലാ മുൻ ഭാരവാഹിയായിരുന്ന കെ.പി മുഹമ്മദ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചേളന്നൂർ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ജിദ്ദ അലഗ ഏരിയ മുൻ പ്രസിഡൻ്റ് ആയിരുന്ന പാറ സലാം കാവനൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയാണ്.

ജിദ്ദ ശറഫിയ ഏരിയ, പെരിന്തൽമണ്ണ മണ്ഡലം കമ്മറ്റി എന്നിവയിൽ അംഗമായിരുന്ന പി.ടി അബ്ദുൽ നാസർ വെട്ടത്തൂർ പഞ്ചായത്ത് ഏഴാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ആനക്കയം പഞ്ചായത്തിലെ 21-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി സഹീർ മച്ചിങ്ങൽ കെ.എം.സി.സി ജിദ്ദ ബാബ് മക്ക ഏരിയ ജനറൽ സെക്രട്ടറി ആയിരുന്നു. കീഴുപറമ്പ് പഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി മാട്ടത്തൊടി അബ്ദുവും കെ.എം.സി.സി ജിദ്ദ പഞ്ചായത്ത് ഭാരവാഹിയായിരുന്നു.

പെരുവള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ചൊക്ലി യുസൈറ ടീച്ചർ മോട്ടിവേഷൻ ട്രയിനറും കെ.എം.സി.സി ജിദ്ദ വനിതാ വിഭാഗം പ്രവർത്തകയുമായിരുന്നു. അതേസമയം, കെ.എം.സി.സി ജിദ്ദ അമ്മാരിയ്യ ഏരിയ പ്രസിഡന്റായിരുന്ന ജാഫർ നീറ്റുകാട്ടിൽ വളാഞ്ചേരി നഗരസഭയിൽ മുസ്‍ലിം ലീഗ് വിമതനായും മത്സരരംഗത്തുണ്ട്.

പ്രവാസ ലോകത്ത് തങ്ങളുടെ നാട്ടുകാർക്കായി കാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സജീവമായിരുന്ന നേതാക്കളാണ് ഇപ്പോൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇവരുടെ പ്രവാസാനുഭവവും സംഘടനാപാടവവും ഭരണരംഗത്ത് തങ്ങളുടെ വാർഡിനും നാടിനും മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരെ പിന്തുണയ്ക്കുന്ന പ്രവാസികളും നാട്ടുകാരും. ജിദ്ദയുടെ മണ്ണിൽ തങ്ങളുടെ കർമ്മമണ്ഡലം ഒരുക്കിയ ഈ പ്രവാസികളുടെ വിജയം തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഊർജവും കാഴ്ചപ്പാടുകളും കൊണ്ടുവരുമെന്നും കരുതപ്പെടുന്നു.

Tags:    
News Summary - Former expatriate faces in the election fray: Many people, including former KMCC Jeddah office bearers, are in the spotlight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.