പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശിഹാബുദ്ദീന് കപ്പൂരിന് ഡിഫയുടെ ഉപഹാരം മന്‍സൂര്‍ മങ്കട, സക്കീര്‍ വള്ളക്കടവ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു
ദമ്മാം: പതിനൊന്നര വര്‍ഷത്തെ സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ ഫുട്ബാൾ സംഘാടകനും ഖത്വീഫ് എഫ്.സി ജനറല്‍ സെക്രട്ടറിയുമായ ശിഹാബുദ്ദീന് കപ്പൂരിന് ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് (ഡിഫ) യാത്രയയപ്പ് നല്കി. നിലവില്‍ ഡിഫ എക്സിക്യൂട്ടിവ് അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പ്രഥമ ഡിഫ സൂപ്പര്‍ കപ്പ് ഓര്‍ഗനൈസിങ് കമ്മിറ്റിയില്‍ വളൻറിയര്‍ വിഭാഗം കണ്‍വീനറായി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്. ക്ലീന്‍ കെയര്‍ കമ്പനിയിലെ ജീവനക്കാരനായാണ് പ്രവാസം അവസാനിപ്പിക്കുന്നത്. കോവിഡ് മഹാമാരി കാലത്തെ ലോക്ഡൗണ്‍ കാലങ്ങളില്‍ വിദൂര പ്രദേശങ്ങളില്‍ ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ച് സാമൂഹികരംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്. സൗദിയിലെത്തുന്നതിന് മുമ്പ് മൂന്നര വര്‍ഷത്തോളം ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്.
അല്‍ ഖോബാര്‍ വെല്‍ക്കം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിഫ പ്രസിഡൻറ് മുജീബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മന്‍സൂര്‍ മങ്കട, ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് സകീര്‍ വള്ളക്കടവ് എന്നിവര്‍ ചേര്‍ന്ന് ശിഹാബുദ്ദീന് കപ്പൂരിന് ഡിഫയുടെ ഉപഹാരം സമ്മാനിച്ചു. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരെ ഏറ്റവും അടുത്തറിയാനും അവരോടൊപ്പം കാല്പന്ത് മൈതാനങ്ങളില്‍ പരസ്പര സ്നേഹം പങ്കുവെക്കാനും സാധിച്ചത് പ്രവാസത്തിലെ ഏറ്റവും നല്ല ഓർമകളായി നിലനില്‍ക്കുമെന്ന് ശിഹാബുദ്ധീന്‍ കപ്പൂര്‍ യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഡിഫ ഭാരവാഹികളായ ശരീഫ് മാണൂര്‍, റഷീദ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.