ഒറ്റത്തവണ ഇന്ധനം നിറച്ചാൽ ഒമ്പത് മണിക്കൂർ തുടർച്ചയായി പറക്കും, സൗദി എയർലൈൻസിന്​ കരുത്തായി പുതിയ വിമാനം

ജിദ്ദ: സൗദി എയർലൈൻസി​െൻറ (സൗദിയ) അത്യാധുനിക എയർബസ് എ321 എക്സ്.എൽ.ആർ വിമാനം ആദ്യമായി സൗദി അറേബ്യയിലെത്തി. ഞായറാഴ്ച ജിദ്ദയിലെ കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ആദ്യമായി ലാൻഡിങ് നടത്തിയ വിമാനത്തെ പരമ്പരാഗതമായ ‘വാട്ടർ സല്യൂട്ട്’ നൽകിയാണ് അധികൃതർ സ്വീകരിച്ചത്.

മിഡിൽ ഈസ്​റ്റ്​, ആഫ്രിക്കൻ മേഖലകളിൽ തന്നെ ഇതാദ്യമായാണ് ഒരു വിമാനക്കമ്പനി ഈ അത്യാധുനിക വിമാനം തങ്ങളുടെ സർവീസി​െൻറ ഭാഗമാക്കുന്നത്. സൗദിയയുടെ ചരിത്രത്തിലും ഈ വിമാനത്തി​െൻറ വരവ് ആദ്യത്തേതാണ്. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 8,700 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ നാരോ ബോഡി വിമാനത്തിന് തുടർച്ചയായി ഒമ്പത് മണിക്കൂർ വരെ പറക്കാനാകും.

 

യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനായി വിപുലമായ സൌകര്യങ്ങളാണ് വിമാനത്തിൽ ഒരുക്കിയിട്ടുള്ളത്. 24 സ്വകാര്യ ആഡംബര ബിസിനസ് ക്ലാസ് സ്യൂട്ടുകളും 120 ഇക്കണോമി ക്ലാസ് സീറ്റുകളും ഇതിലുണ്ട്. 13 ഇഞ്ച് സ്ക്രീൻ, ചാർജിങ് പോർട്ടുകൾ, ആധുനിക രീതിയിലുള്ള സീറ്റുകൾ എന്നിവ ഇതി​െൻറ പ്രത്യേകതയാണ്. നവീകരിച്ച കാബിനിൽ അതിവേഗ ഇൻറർനെറ്റ് സൗകര്യം, തത്സമയ സ്ട്രീമിങ്, തൽക്ഷണ കണക്റ്റിവിറ്റി, പ്രമുഖ വിനോദ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം എന്നിവയും യാത്രക്കാർക്കായി സജ്ജീകരിച്ചിട്ടുണ്ട്.

സൗദി എയർലൈൻസ് ഗ്രൂപ്പി​െൻറ കണക്കുകൾ പ്രകാരം 2027 ഓടെ ആകെ 15 എ321എക്സ്.എൽ.ആർ വിമാനങ്ങൾ സൗദിയയുടെ വ്യോമസേനയുടെ ഭാഗമാകും. രാജ്യത്തി​െൻറ വിനോദസഞ്ചാരം, വിനോദം, കായികം എന്നീ മേഖലകളിൽ വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന 'വിഷൻ 2030' ദേശീയ പദ്ധതികൾക്കും തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ വിമാനങ്ങൾ വലിയ പങ്കുവഹിക്കും.

പ്രത്യേകിച്ച് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027 ലെ എ.എഫ്.സി ഏഷ്യൻ കപ്പ്, എക്സ്പോ 2030, 2034 ലെ ഫിഫ വേൾഡ് കപ്പ് തുടങ്ങിയ ആഗോള മേളകളിലേക്ക് ലോകത്തി​െൻറ വിവിധ കോണുകളിൽ നിന്നുമെത്തുന്ന സംഘാടകർക്കും പങ്കാളികൾക്കും സന്ദർശകർക്കും മികച്ച യാത്രാസൗകര്യം ഒരുക്കാൻ ഈ പുത്തൻ വിമാനങ്ങൾ സൗദിയയെ സഹായിക്കും.

Tags:    
News Summary - Fly continuously for nine hours on a single tank: New aircraft boosts Saudi Airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.