റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേള
ജിദ്ദ: ജിദ്ദയിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന 'ന്യൂ സൗദി സിനിമാ ഫീച്ചർ ഫിലിംസ്' വിഭാഗത്തിലെ അഞ്ച് സൗദി സിനിമകൾ പ്രഖ്യാപിച്ചു.
സൗദി അറേബ്യൻ ഡോക്യുമെന്ററി രംഗത്തെ പുതിയ തലമുറയുടെ സർഗ്ഗാത്മകത വിളിച്ചോതുന്ന ചിത്രങ്ങളാണിവ. ഡിസംബർ നാല് മുതൽ 13 വരെയാണ് ചലച്ചിത്രമേളയുടെ അഞ്ചാം പതിപ്പ് ജിദ്ദയിൽ അരങ്ങേറുക. 'നൂർ', 'ദി ടൈഡ് ഓഫ് ഹ്യുമാനിറ്റി', 'സെവൻ പീക്സ്', 'ഐ സോ ദി സാൻഡ് ഡ്രോയിംഗ്', 'സർക്കിൾസ് ഓഫ് ലൈഫ്' എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട സൗദി ചിത്രങ്ങൾ. സൗദിയിലെ വളർന്നുവരുന്ന സിനിമാ പ്രസ്ഥാനത്തിന്റെയും ഡോക്യുമെന്ററി രംഗത്തിന്റെ വൈവിധ്യവും സർഗ്ഗാത്മകമായ സമ്പന്നതയും ഈ സിനിമകൾ പ്രതിഫലിപ്പിക്കുന്നു. കാഴ്ചപ്പാടിലും കലാപരമായ സമീപനത്തിലും സൗദി സിനിമ നേടുന്ന ഗുണപരമായ വളർച്ചയ്ക്ക് ഇവ അടിവരയിടുന്നു.
റെഡ് സീ ഫിലിം ഫൗണ്ടേഷൻ സി.ഇ.ഒ ഫൈസൽ ബൽത്യൂർ പറയുന്നതനുസരിച്ച്, രാജ്യത്തെ ഡോക്യുമെന്ററി ചലച്ചിത്രമേഖലയുടെ ശ്രദ്ധേയമായ വളർച്ചയും സൗദി ചലച്ചിത്ര പ്രവർത്തകർ കൈവരിച്ച കലാപരമായ പക്വതയും ഈ പരിപാടി വ്യക്തമാക്കുന്നു. സൗദി അറേബ്യ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാനുഭവങ്ങളുടെ ആഴവും പരിവർത്തനത്തിന്റെ ചൈതന്യവും ഈ ചിത്രങ്ങൾ പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രങ്ങളുടെ വിഷയങ്ങളിലുള്ള വൈവിധ്യവും സമ്പന്നതയും രാജ്യത്തിന്റെ സാംസ്കാരികപരമായ അനുഭവങ്ങളെ എടുത്തു കാണിക്കുന്നു. ഇത്തരം കഥകൾ ലോകത്തോട് പറയപ്പെടേണ്ടത് അത്യാവശ്യമാണെന്നും ഈ പരിപാടി മേഖലയിലെ ഡോക്യുമെന്ററി ചലച്ചിത്ര നിർമ്മാണത്തിന്റെ കേന്ദ്രമായി സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ ഒരു പ്രചോദനാത്മകമായ യാത്രയുടെ തുടർച്ചയാണെന്നും ഫൈസൽ ബൽത്യൂർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.