നിരോധിത മത്സ്യബന്ധനത്തിന്​ പിടിയിലായ ആറ് ബംഗ്ലാദേശ് സ്വദേശികൾ

നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം: ആറ് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

മക്ക: മക്ക പ്രവിശ്യയിലെ അൽ ലൈത്തിൽ നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ആറ് വിദേശികളെ ബോർഡർ ഗാർഡ്സ് പിടികൂടി. ബംഗ്ലാദേശ് സ്വദേശികളായ ആറുപേരാണ് അൽ ലൈത്ത് ഗവർണറേറ്റ് ബോർഡർ ഗാർഡ്സ് തീരദേശ പട്രോളിങ് സംഘത്തി​െൻറ പിടിയിലായത്.

സൗദി അറേബ്യയുടെ സമുദ്രമേഖലകളിൽ ജോലികളിലും വിനോദങ്ങളിലും ഏർപ്പെടുന്നവർക്കായി രാജ്യം ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ-നിയമനിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ആവശ്യമായ ഔദ്യോഗിക അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയതും വേട്ടക്കായി നിരോധിത ഉപകരണങ്ങൾ ഉപയോഗിച്ചതുമാണ് ഇവർ ചെയ്ത കുറ്റം. പിടിയിലായവർക്കെതിരെ ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ജലവിഭവങ്ങളും സമുദ്രജീവി സമ്പത്തും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദ്ദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് ബോർഡർ ഗാർഡ്സ് വീണ്ടും ഓർമിപ്പിച്ചു. പരിസ്ഥിതിക്കോ വന്യജീവികൾക്കോ നാശമുണ്ടാക്കുന്നതോ നിയമവിരുദ്ധമായതോ ആയ ഏതൊരു ലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം.

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിൽ ഉള്ളവർ 911 എന്ന നമ്പറിലും, സൗദിയിലെ മറ്റ് പ്രവിശ്യകളിൽ ഉള്ളവർ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറേണ്ടതാണ്. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, വിവരം നൽകുന്ന വ്യക്തിക്ക് ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ലെന്നും ബോർഡർ ഗാർഡ്സ് വ്യക്തമാക്കി.

Tags:    
News Summary - Fishing with banned equipment: Six Bangladeshi nationals arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.