യാമ്പു: മത്സ്യബന്ധനമേഖലയിൽ സ്വദേശിവത്‌കരണം നിശ്ചിത കാലത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് അധികൃതർക്ക് രേഖാമൂലം ഉറപ്പു നൽകിയവർക്ക് സ്വദേശികളില്ലാതെ ബോട്ടുകൾ കടലിലിറക്കാൻ അനുമതി ലഭിച്ചതോടെ മത്സ്യബന്ധനമേഖലയിൽ വീണ്ടും ഉണർവ്. ഒരു മാസമായി മന്ദഗതിയിലായ വിപണി ഇതോടെ വീണ്ടും സജീവമായി. ബോട്ടുകളിൽ വിദേശികളോടൊപ്പം ചുരുങ്ങിയത് ഒരു സൗദി വേണമെന്ന പുതിയ നിയമം മൂലം പല ബോട്ടുകളും കടലിൽ ഇറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ സൗദിവത്‌കരണം നടപ്പിലാക്കുവാൻ അധികൃതർ നാല് മാസം കൂടി സമയം അനുവദിച്ചതായി മത്സ്യെതാഴിലാളികൾ പറഞ്ഞു. ഇതോടെ മേഖല വീണ്ടും സജീവമായി. സൗദിവത്‌കരണം നടപ്പിലാക്കുമെന്ന് ബോട്ടുടമകൾ രേഖാമൂലം ഉറപ്പ് നൽകിയാലേ വിദേശികളെ മാത്രം ബോട്ടിൽ കടലിൽ പോകാൻ അധികൃതർ അനുവദിക്കുന്നുള്ളൂ.
കരയിലിട്ട പല ബോട്ടുകളും ഈ ഇളവ് ഉപയോഗിച്ച് കടലിൽ മീൻപിടിക്കാൻ ഇറങ്ങിയതോടെ മേഖല സജീവമായി. സ്വദേശിയെ ഓരോ ബോട്ടുകളിലും നിയമിക്കാൻ എഞ്ചിൻ അകത്തുള്ള ബോട്ടുകൾക്ക് ആറ് മാസം വരെ ഇളവ് അനുവദിക്കുന്നുണ്ടത്രെ. സ്വദേശിവത്‌കരണം നിശ്ചിത കാലാവധിക്കകം നടപ്പിലാക്കുമെന്ന് രേഖാമൂലം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അധികൃതർക്ക് ഉറപ്പു നൽകുന്ന ബോട്ടുടമകൾക്കാണ് കടലിൽ ഇറങ്ങാൻ അധികൃതർ ഇളവ് നൽകിയിട്ടുള്ളത്. മത്സ്യവിപണി മന്ദഗതിയിലായതിനാൽ മീൻവില കുതിച്ചുയർന്നിട്ടുണ്ട്. സൗദി മത്സ്യത്തൊഴിലാളികളെ ലഭിക്കാൻ പലയിടത്തും പ്രയാസം നേരിടുന്നതായി ബോട്ടുടമകൾ പറയുന്നു.
ബാങ്കുകളിൽ നിന്ന് ലോണെടുത്ത് ബോട്ടുകൾ ഇറക്കുന്നവരാണ് പലരും. സ്വദേശികളില്ലാത്ത കാരണത്താൽ കടലിൽ ബോട്ടിറക്കാൻ കഴിയാതെ സാമ്പത്തിക ബാധ്യതകൾ നിമിത്തം പ്രയാസം നേരിടുന്ന ബോട്ട് ഉടമകളായ സ്വദേശികൾ ഉണ്ട്. വീടുകളിൽ നിന്ന് ദിവസങ്ങളോളം വിട്ടുനിന്ന് നടുക്കടലിൽ വെയിലത്തും തണുപ്പിലും മത്സ്യബന്ധനം നടത്താൻ സ്വദേശി യുവാക്കൾ വിമുഖത കാണിക്കുന്നതും ഈ മേഖലയിൽ നേരിടുന്ന പ്രതിസന്ധിയായി വിലയിരുത്തുന്നുണ്ട്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, സാങ്കേതിക തൊഴിൽ പരിശീലന കോർപറേഷൻ എന്നീ വകുപ്പുകളുമായി സഹകരിച്ച് മത്സ്യബന്ധന മേഖലയിൽ സ്വദേശി യുവാക്കൾക്ക് പരിശീലനം നടപ്പിലാക്കുന്നുണ്ട്. സൗദി മത്സ്യത്തൊഴിലാളികൾക്ക് വേണ്ട പ്രോത്സാഹനം നൽകിയും അധികൃതർ ഈ മേഖലകളിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള കർമപദ്ധതികൾ നടപ്പിലാക്കി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.