റാവിയ അൽ റിഫി, യാസ്മിൻ മുഹമ്മദ് അൽമൈമാനി, ഹനാദി സകരിയ അൽഹിന്ദി
യാംബു: സൗദിയിലെ സ്ത്രീ ശാക്തീകരണ പദ്ധതികൾ യുവതികൾക്കിടയിൽ വൻ മുന്നേറ്റം സൃഷ്ടിക്കുന്നു. വ്യോമയാന രംഗത്തെ സ്ത്രീ വിജയഗാഥകൾ ഇതിനകം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. പതിറ്റാണ്ടുകളായി പുരുഷ പൈലറ്റുമാർ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ആകാശ വീഥികളിലേക്കുയർന്ന് സ്വാതന്ത്ര്യത്തിെൻറ ചിറക് വിടർത്താൻ സ്ത്രീ വൈമാനികർ ധാരാളം കടന്നുവന്നിട്ടുണ്ട്. രാജ്യത്ത് വനിത പൈലറ്റുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരുന്നതാണ് ഏറെ ശ്രദ്ധേയം.
വൈമാനിക മേഖലയിൽ മൂന്ന് സ്ത്രീ നാമങ്ങൾ വേറിട്ടുനിൽക്കുന്നു. സൗദി വാണിജ്യ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ വനിത ഹനാദി സകരിയ അൽഹിന്ദി ചരിത്ര നേട്ടത്തിലേക്കാണ് ടേക്കോഫ് നടത്തിയത്. യു.എ.ഇയിൽ നിന്ന് സിവിൽ വിമാനമായ എയർബസ് എ-320 അന്താരാഷ്ട്രതലത്തിൽ ആദ്യമായി പറത്തിയ റാവിയ അൽ റിഫി, രാജ്യത്ത് വാണിജ്യ വിമാനം കോ-പൈലറ്റ് ചെയ്ത ആദ്യ വനിത യാസ്മിൻ മുഹമ്മദ് അൽമൈമാനിയും എന്നിവരും ഏറെ ശ്രദ്ധനേടി.
2005 ജൂൺ 15 നാണ് ഹനാദി ആദ്യമായി വിമാനം പറത്തിയത്. ജോർദൻ തലസ്ഥാന നഗരിയായ അമ്മാനിലെ മിഡിലീസ്റ്റ് അക്കാദമി ഫോർ ഏവിയേഷനിൽ നിന്ന് പഠനം പൂർത്തിയാക്കി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുമായി സൗദിയിലെത്തുമ്പോൾ വലിയ ആശങ്കയിലായിരുന്നു അവർ. വൈമാനികയായ ആദ്യ സൗദി വനിത എന്ന് ചരിത്ര രേഖകളിൽ എഴുതപ്പെടുന്നത് അത്രലഘുവായ പ്രശ്നമല്ലെന്ന് അന്ന് 27 വയസ്സുകാരിയായ അവർക്കറിയാമായിരുന്നു. കാറോടിക്കാൻ സ്ത്രീക്ക് അനുമതിയില്ലാത്ത സാമൂഹിക പരിസരത്തിലേക്ക് വിമാനം പറത്തി തിരിച്ചെത്തുമ്പോൾ യാഥാസ്ഥിതിക സമൂഹം എങ്ങനെ നേരിടുമെന്ന് ഒരു എത്തും പിടിയുമുണ്ടായിരുന്നില്ല. വ്യോമയാന പാതകളിലെ പുരുഷാധിപത്യം അവസാനിക്കുകയാണെന്ന് ഹനാദി അന്ന് പ്രഖ്യാപിച്ചത് സൗദി യുവതികൾക്ക് ഏറെ പ്രചോദനമായി. ധാരാളം സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതാണ് പിന്നീട് കണ്ടത്.
ഹനാദിയുടെ പിൻഗാമിയായി സൗദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷനിൽ നിന്ന് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ യാസ്മിൻ മുഹമ്മദ് അൽ മൈമാനിയും വാർത്തകളിൽ ഇടം പിടിച്ചു. വ്യോമയാന പാതയിൽ ദൃഢ നിശ്ചയത്തിെൻറ പ്രതീകമായി വിപ്ലവം സൃഷ്ടിച്ച ഇവരുടെ സംഭാവനകൾ സൗദി പെണ്മയുടെ തന്നെ ചരിത്രത്തിലെ വഴിത്തിരിവിന് ആക്കം കൂട്ടി.
രാജ്യത്ത് പൈലറ്റ് പരിശീലനത്തിനുള്ള അവസരങ്ങൾ ഇപ്പോൾ ഉപയോഗപ്പെടുത്താൻ യുവതികൾ രംഗത്തു വരുന്നത് വർധിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വൈമാനിക പരിശീലനരംഗത്തെ ആഗോള തലത്തിൽ അറിയപ്പെട്ട സ്ഥാപനങ്ങളിലൊന്നായ ഓക്സ്ഫഡ് ഏവിയേഷൻ അക്കാദമിയാണ് ദമ്മാമിൽ യുവതികൾക്ക് അവസരമൊരുക്കിയിരിക്കുന്നത്. 300 മില്യൺ ഡോളറുടെ ബഹുമുഖ പദ്ധതികളാണിവിടെ എയർക്രാഫ്റ്റുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.
സൗദി നാഷനൽ കമ്പനി ഓഫ് ഏവിയേഷെൻറ നിയന്ത്രണത്തിലാണ് സ്ഥാപനം. ഓരോ വർഷവും 400 ഓളം കേഡറ്റുകൾക്കാണ് ഇവിടെ പരിശീലനത്തിന് അവസരം ലഭിക്കുന്നത്. ദേശീയ വികസന കാഴ്ചപ്പാടായി അവതരിപ്പിക്കപ്പെട്ട 'വിഷൻ 2030' എന്ന സമഗ്ര സാമൂഹിക സാമ്പത്തിക പരിഷ്കരണ പദ്ധതിയുടെ ചരിത്രപരമായ വിവിധ ചുവടുവെപ്പുകളിൽ സ്ത്രീ മുന്നേറ്റമേഖലയിൽ വമ്പിച്ച കുതിപ്പാണ് ഇതിനകം പ്രകടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.