ഫൈസൽ ദർവീഷ് അൽഗാമിദി
ജിദ്ദ: സൗദി അറേബ്യയുടെ ശാസ്ത്ര ഗവേഷണ രംഗത്തെ കുതിപ്പിന് ആഗോള അംഗീകാരം നൽകിക്കൊണ്ട് കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ ഫാക്കൽറ്റി അംഗമായ ഫൈസൽ ദർവീഷ് അൽഗാംദി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.അമേരിക്കയിലെ കൊളറാഡോ ബോൾഡർ യൂനിവേഴ്സിറ്റിയിലെ പ്രശസ്തമായ ‘ലാർസൺ ലബോറട്ടറി അവാർഡ്’ നേടുന്ന ആദ്യത്തെ സൗദി വിദ്യാർഥിയായി ഫൈസൽ മാറി.
കൂടാതെ, യൂനിവേഴ്സിറ്റിയുടെ ‘ഡിസ്റ്റിങ്ഷ്ഡ് ഗ്രാജ്വേറ്റ് സ്റ്റുഡൻറ്’ എന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. വാഷിങ്ടണിലെ സൗദി എംബസിയാണ് ഈ അഭിമാനകരമായ വാർത്ത പുറത്തുവിട്ടത്. സസ്റ്റൈനബിൾ സിസ്റ്റംസ് എൻജിനീയറിങ് രംഗത്തെ ലോകത്തിലെ മുൻനിര ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് ലാർസൺ ലബോറട്ടറി.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ), ഡിജിറ്റൽ ട്വിൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കെട്ടിടങ്ങളുടെ ഊർജക്ഷമത വർധിപ്പിക്കുന്നതിനും സ്മാർട്ട് ബിൽഡിങ്ങുകൾക്കായി നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഫൈസൽ നടത്തിയ ഉന്നത ഗവേഷണങ്ങളാണ് അവാർഡിന് അർഹനാക്കിയത്.
നിർമാണ, ഊർജ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്. ആഗോള ശാസ്ത്രവേദിയിൽ സൗദി അറേബ്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെയും സുസ്ഥിരമായ സാങ്കേതിക മാറ്റങ്ങൾക്ക് നേതൃത്വം നൽകാനുള്ള സൗദി പ്രതിഭകളുടെ കഴിവിനെയുമാണ് ഈ നേട്ടം അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.