റിയാദ്: ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സൗദി സ്വകാര്യമേഖലയിലെ 110 തൊഴിലുടമകൾക്ക് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ 25 ലക്ഷം റിയാൽ പിഴ ചുമത്തി. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിൽ വ്യക്തമാക്കി. 110 തൊഴിലുടമകൾക്കെതിരെ ആകെ 2,556,000 റിയാൽ പിഴയാണ് ചുമത്തിയിരിക്കുന്നത്.
ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിഹരിക്കാനും ഇൻഷുറൻസ് ഉറപ്പാക്കാനും കൗൺസിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതും പാലിക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തൽ ഉൾപ്പടെയുള്ള നടപടിയെടുത്തത്. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന്റെ ആർട്ടിക്കിൾ 14 വ്യവസ്ഥ ചെയ്യുന്നത് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടത് തൊഴിലുടമകളാണ്.
ഓരോ തൊഴിലാളിക്കുമുള്ള പ്രീമിയം അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ വാർഷിക പ്രീമിയത്തിന്റെ മൂല്യത്തിൽ കവിയാത്ത പിഴ ചുമത്തുന്നതിനു പുറമേ നിയമലംഘകരെ താൽക്കാലികമോ സ്ഥിരമോ ആയ കാലയളവിലേക്ക് തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിൽനിന്ന് വിലക്കാനും കഴിയും. തൊഴിലുടമകൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിന് ഉത്തരവാദിത്തമുള്ള സ്ഥാപനമെന്ന നിലയിൽ കൗൺസിലിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അനുസരണ നിലവാരം ഉയർത്തുന്നതിനും നീതിയുടെയും സുതാര്യതയുടെയും തത്ത്വങ്ങളുടെ ഏകീകരണത്തിനും ഇത് സംഭാവന നൽകുന്നു. ഗുണഭോക്താക്കൾക്ക് പൂർണ പരിചരണത്തിനും സംരക്ഷണത്തിനുമുള്ള അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഉയർന്ന നിലവാരവും ഗുണനിലവാരവും കാര്യക്ഷമതയും പാലിക്കുകയും ചെയ്യുന്നു. നിർബന്ധിത ആരോഗ്യ പരിരക്ഷയോടുള്ള തൊഴിലുടമകളുടെ പ്രതിബദ്ധത നിരീക്ഷിക്കാൻ കൗൺസിൽ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് കൗൺസിൽ വക്താവ് ഇമാൻ അൽതാരിഖി പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതിനുള്ള അനുസരണവും പ്രതിബദ്ധതയും വർധിപ്പിക്കുന്ന ഒരു അന്തരീക്ഷം നൽകുന്നതിനുള്ള കൗൺസിലിെൻറ താൽപര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തങ്ങളുടെ സാഹചര്യങ്ങൾ ശരിയാക്കുന്നതിനും അവരെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനും മുൻകൈയെടുക്കാൻ എല്ലാ തൊഴിലുടമകളോടും കൗൺസിൽ ആഹ്വാനം ചെയ്യുന്നുവെന്നും അൽതാരിഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.