ചികിത്സക്കായി മുഹമ്മദ് ഖാലിദ് ഹിജാസിയെ മാതാപിതാക്കൾക്കൊപ്പം റിയാദിലെത്തിച്ചപ്പോൾ
റിയാദ്: ഗസ്സ മുനമ്പിലെ ഇസ്രായേൽ സേനയുടെ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ട ഏഴുവയസ്സുകാരൻ ഫലസ്തീൻ ബാലൻ മുഹമ്മദ് ഖാലിദ് ഹിജാസിയെ ചികിത്സക്കായി റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം റിയാദിലെ കിങ് ഖാലിദ് നേത്ര ആശുപത്രിയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. ഗസ്സയിൽനിന്ന് ജോർഡാനിലേക്കും അവിടെനിന്ന് സൗദിയിലേക്കുമുള്ളള്ള യാത്ര കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്റെ മേൽനോട്ടത്തിലായിരുന്നു.
ചികിത്സക്ക് തയാറെടുക്കുന്നതിനായി, ഉചിതമായ മെഡിക്കൽ നടപടിക്രമങ്ങൾ നിർണയിക്കുന്നതിന് ആശുപത്രിയിലെ മെഡിക്കൽ ടീമുകൾ ബാലനെ ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കും. സഹോദരങ്ങളായ ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന സൗദി അറേബ്യയുടെ ഉറച്ച മാനുഷിക നിലപാടുകളുടെ ഭാഗമാണ് ഈ നടപടി.
ഈ വർഷം മാർച്ചിലുണ്ടായ സംഭവത്തിലെ ഇരയാണ് മുഹമ്മദ് ഖാലിദ് ഹിജാസി. വടക്കൻ ഗസ്സയിലെ ജബാലിയ ക്യാമ്പിൽ തകർന്ന വീടിനടുത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. വലതുകണ്ണ് പൂർണമായും നഷ്ടപ്പെടുകയും ഇടതുകണ്ണിന് സാരമായ കേടുപാടുകളുണ്ടാവുകയും ചെയ്തെന്ന് കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
സൗദിയിൽ ചികിത്സിക്കുന്നതിന് നിർദേശം നൽകിയ സൽമാൻ രാജാവിനും കിരീടാവാശി അമീർ മുഹമ്മദ് ബിൻ സൽമാനും അൽ റബീഅ നന്ദി പറഞ്ഞു. കുട്ടി വേഗം സുഖംപ്രാപിക്കട്ടെ. വിവിധ പ്രതിസന്ധികളിലും കഷ്ടപ്പാടുകളിലും കഴിയുന്ന സഹോദരങ്ങളായ ഫലസ്തീൻ ജനതക്ക്, പ്രത്യേകിച്ച് കുട്ടികളെ പോലുള്ള ഏറ്റവും ദുർബല വിഭാഗങ്ങൾക്ക് സൗദി അറേബ്യ നൽകുന്ന ആശ്വാസത്തിന്റെ മാനുഷിക ശ്രമങ്ങളുടെയും ഒരു വിപുലീകരണമാണ് ഈ സംരംഭം.
സഹായം ആവശ്യമുള്ള രാജ്യങ്ങൾക്കും ജനങ്ങൾക്കും കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി നടത്തുന്ന സൗദിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. കാരുണ്യത്തിന്റെയും മാനുഷിക ഐക്യദാർഢ്യത്തിന്റെയും ഉദാത്തമായ മാനുഷിക തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവർത്തനങ്ങളെന്നും ഡോ. അൽ റബീഅ കൂട്ടിച്ചേർത്തു. മുഹമ്മദ് ഖാലിദ് ഹിജാസിയുടെ കുടുംബം തങ്ങളുടെ മകന് ചികിത്സ നൽകിയതിന് സൗദി ഭരണകൂടത്തോട് നന്ദി പറഞ്ഞു. എല്ലായിപ്പോഴും ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന നിലപാടുകൾക്ക് പേരുകേട്ട സൗദി ഭരണാധികാരിൽനിന്ന് ഈ സാഹോദര്യപരമായ നിലപാട് അത്ഭുതപ്പെടുത്തുന്നില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.