റിയാദ്: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകാനുള്ള വെൽഫെയർ പാർട്ടിയുടെ തീരുമാനത്തിന് പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിെൻറ മതേതര ഘടന സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനമെന്ന് റിയാദിൽ ചേർന്ന കമ്മിറ്റി യോഗം വ്യക്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫ് ഭരണം കേരളത്തിലെ മതസൗഹാർദത്തെയും മതേതരത്വത്തെയും തകർക്കുന്ന വർഗീയ ശക്തികൾക്കും തീവ്ര ഗ്രൂപ്പുകൾക്കും ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.
ഭരണത്തുടർച്ച ഉറപ്പാക്കാൻ സംഘ്പരിവാർ അജണ്ടകൾക്ക് കേരളത്തിൽ ഇടംനൽകുന്നതിനും, യു.ഡി.എഫിനെ രാഷ്ട്രീയമായി തകർക്കുന്നതിനും വേണ്ടിയുള്ള രഹസ്യ ധാരണകളെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികൾക്കിടയിൽ വിപുലമായ പ്രചാരണ പരിപാടികൾ യോഗം ആസൂത്രണം ചെയ്തു. ‘നാട്ടിലെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് വോട്ട് ഉറപ്പാക്കുക’ എന്ന കാമ്പയിനിലൂടെ യു.ഡി.എഫിെൻറ വിജയം ഉറപ്പാക്കാൻ പ്രവാസികൾക്കിടയിൽ സജീവമായി പ്രവർത്തിക്കും.
ഇതിനു പുറമെ, പരമാവധി പ്രവർത്തകർ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും യോഗം ആഹ്വാനം ചെയ്തു. വർഗീയ ശക്തികൾക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഫാഷിസ്റ്റ് സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ സാധിക്കുന്ന ഏറ്റവും ശക്തനായ എതിരാളിക്ക് വോട്ട് നൽകി വർഗീയതയെ പ്രതിരോധിക്കുന്ന തന്ത്രപരമായ നിലപാട് സ്വീകരിക്കാനും പ്രവാസി വെൽഫെയർ തീരുമാനിച്ചു. സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.