കെ.ഡി.എം.എഫ് ഉന്നതാധികാര സമിതി അംഗം അബ്ദുറഹ്മാന് ഫറോക്ക് പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിക്ക് ഉപഹാരം നൽകുന്നു
റിയാദ്: പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികളുടെയും അവരുടെ കുട്ടികളുടെയും ധാർമിക വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് പ്രഭാഷകനും യുവപണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി ആവശ്യപ്പെട്ടു. കെ.ഡി.എം.എഫ് റിയാദ് നേതാക്കളുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍പ്പിടവും ഭക്ഷണവും ഒരുക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലേറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണ് വിദ്യാഭ്യാസ രംഗമെന്നും ധാർമിക ബോധം നഷ്ടപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കായികരംഗത്ത് ശോഭിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ വിദ്യാഭ്യാസ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ ആദരിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാമൂഹികരംഗത്ത് കെ.ഡി.എം.എഫ് നടത്തുന്ന മെറിറ്റ് ഇവൻറ്, മജ്ലിസുത്തര്ഖിയ്യ, പണ്ഡിത പ്രതിഭ പുരസ്കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് കൂടുതല്‍ ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ചടങ്ങില്‍ ഉസ്താദ് ഹോട്ടല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ ശാഫി ഒടുങ്ങാക്കാട്, ശമ്മാസ്, മാനേജിങ് പാർട്ണർ ശറഫുദ്ദീന്‍ മടവൂര്‍, അല്‍ മദീന റീജനൽ ഡയറക്ടർ സലീം വലിയപറമ്പത്ത്, ശമീർ പുത്തൂർ, ശാഫി ഹുദവി ഓമശ്ശേരി, അബ്ദുൽ ഗഫൂർ കൊടുവള്ളി, ബഷീർ താമരശേരി തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഡി.എം.എഫ് ഉന്നതാധികാര സമിതി അംഗം അബ്ദുറഹ്മാന് ഫറോക്ക് ഉപഹാരം കൈമാറി.
ജുനൈദ് മാവൂര്‍, ഫദ്ലുറഹ്മാൻ പതിമംഗലം, ശരീഫ് മുഡൂർ, സ്വാലിഹ് മാസ്റ്റർ, മുഹമ്മദ് ശമീജ് പതിമംഗലം, മുഹമ്മദ് സ്വാലിഹ് ഒടുങ്ങാക്കാട്, അമീൻ കൊടുവള്ളി, മുഹമ്മദ് ഷബീൽ പൂവാട്ടുപറമ്പ്, സഹീർ വെള്ളിമാടുകുന്ന്, ജാസിർ ഹസനി, സഫറുല്ല കൊയിലാണ്ടി, മുഹമ്മദ് എൻ.കെ കായണ്ണ, ഷറഫുദ്ദീൻ സഹ്റ, ലത്തീഫ് മടവൂർ, സിദ്ദീഖ് കൊറോളി, സിദ്ദീഖലി മടവൂർ, ഖാലിദ് വെള്ളിയോട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.