തബൂക്കിലെ പരിസ്ഥിതി സൗഹൃദ സ്മാർട്ട് പള്ളി
തബൂക്ക്: തബൂക്കിൽ പരിസ്ഥിതി സൗഹൃദ സ്മാർട്ട് പള്ളി ഉദ്ഘാടനം ചെയ്തു. അൽഇസ്കാൻ ഡിസ്ട്രിക്റ്റിലാണ് അൽജൗഹറ ബിൻത് അബ്ദുൽ അസീസ് അൽദാവൂദ് എന്ന പേരിൽ ആധുനികവും പരിസ്ഥിതി സൗഹൃദവുമായ പള്ളി നിർമിച്ചത്. ഏറ്റവും ആധുനിക സാങ്കേതികവിദ്യകളും സംയോജിത സേവനങ്ങളും ഉപയോഗിച്ച് രൂപകൽപന ചെയ്ത പള്ളി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിനോട് ഏറ്റവും ഇണങ്ങുന്ന രൂപത്തിലുള്ളത്.
കുട്ടികളും സ്ത്രീകളും പുരുഷന്മാരും മുതൽ ഭിന്നശേഷിയുള്ളവർ വരെ ഡിസ്ട്രിക്റ്റിലെ എല്ലാ വിഭാഗങ്ങൾക്കും പ്രത്യേക സ്മാർട്ട് സാങ്കേതിക വിദ്യകളിലൂടെ ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ പള്ളിയുടെ സേവനം ലഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് മോസ്ക് കമ്പനിയിലെ മസ്ജിദ് ഓപറേഷൻസ് ഡയറക്ടർ അബ്ദുൽ അസീസ് അൽഫുറൈജ് പറഞ്ഞു. പ്രായമായവർക്കും വികലാംഗർക്കും പരസഹായമില്ലാതെ പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന് പള്ളിയുടെ തറ ഭൂനിരപ്പിൽനിന്ന് 20 സെന്റിമീറ്റർ ഉയരത്തിൽ മാത്രമാണ് കെട്ടിയുയർത്തിയിട്ടുള്ളത്. ആയാസം കൂടാതെ അകത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രൂപത്തിൽ.
ബാങ്ക് വിളിക്കുന്നത് കേൾക്കാനാവാത്ത ബധിരർക്കും മൂകർക്കും തിരിച്ചറിയാൻ ആ സമയത്ത് മിനാരത്തിന്റെ പ്രകാശം തെളിയും, അതിന്റെ കളർ മാറും. സൗദിയിലെ ഏറ്റവും വലിയ സ്മാർട്ട് പള്ളിയാണിത്. ജല, വൈദ്യുതി ഉപഭോഗം തത്സമയം നിരീക്ഷിക്കാനും സ്വയം നിയന്ത്രിക്കാനും കഴിയും. അതുകൊണ്ട് തന്നെ ജലവും വൈദ്യുതിയും പാഴാകുകയില്ല. ഊർജ ഉപഭോഗം കുറക്കുന്നതിന് സ്വയം ഓണും ഓഫുമാകുന്ന സംവിധാനങ്ങളാണ് പള്ളിയിലുള്ളതെന്നും അൽഫുറൈജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.