ബീജിങ്ങിലെ സിങ്ഹുവ സർവകലാശാലയിൽ നടന്ന 13ാമത് ലോക സമാധാന ഫോറത്തിൽ കിങ് ഫൈസൽ സെൻറർ ഫോർ റിസർച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി അൽഫൈസൽ സംസാരിക്കുന്നു
സ്വന്തം ലേഖകൻ
റിയാദ്: ലോകക്രമത്തിന്റെ തകർച്ചയുടെ പെട്ടെന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദിയിലെ കിങ് ഫൈസൽ സെന്റർ ഫോർ റിസർച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി അൽഫൈസൽ. ചൈനീസ് ആസ്ഥാനമായ ബീജിങ്ങിലെ സിങ്ഹുവ സർവകലാശാലയിൽ നടന്ന 13ാമത് ലോക സമാധാന ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഴയ ലിബറൽ ക്രമത്തിന്റെ സ്ഥാപനങ്ങളുടെ ശിഥിലീകരണവും നീതിയുക്തവും ഫലപ്രദവുമായ ഒരു ബദൽ സംവിധാനത്തിന്റെ അഭാവവും കണക്കിലെടുക്കുമ്പോൾ യഥാർഥ പരിഹാരങ്ങളില്ലാതെ യുദ്ധങ്ങളും സംഘർഷങ്ങളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തെ ‘രാക്ഷസന്മാരുടെ യുഗം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും കൺവെൻഷനുകളും നഗ്നമായ ലംഘനങ്ങൾക്ക് വിധേയമാകുകയും രണ്ടാം ലോകമഹായുദ്ധാനന്തര സ്ഥാപനങ്ങൾ അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുകയും ചെയ്യുന്ന നിലവിലെ യാഥാർഥ്യത്തിന് ഈ വിവരണം ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ തുടരുന്ന യുദ്ധങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെ ഇസ്രായേൽ ആക്രമണം, റഷ്യൻ-യുക്രെയ്ൻ യുദ്ധം, ലബനാൻ, സിറിയ, ഇറാൻ എന്നിവക്കെതിരായ ആക്രമണങ്ങൾ, അന്താരാഷ്ട്ര വ്യവസ്ഥയുടെ ഘടനയുടെ ശോഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. പരമ്പരാഗത ബന്ധങ്ങളെ മറികടക്കുന്നതിനും ഭൗമരാഷ്ട്രീയ മാറ്റങ്ങൾ കണക്കിലെടുത്ത് വിശാലമായ പങ്കാളിത്തങ്ങൾ സ്ഥാപിക്കണം. പ്രത്യേകിച്ച് ചൈനയും മിഡിലീസ്റ്റേൺ രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണം വികസിപ്പിക്കണം.
പ്രധാന വിഷയങ്ങളിൽ, പ്രത്യേകിച്ച് പ്രാദേശിക സ്ഥിരത, ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ പരിഹാരം, ഇസ്രായേലി അഹങ്കാരം തടയൽ എന്നിവയിൽ ഈ രാജ്യങ്ങൾ ‘ജ്ഞാനത്തിന്റെ ശബ്ദമായിരിക്കണം’ എന്നും അമീർ തുർക്കി പറഞ്ഞു. ഒരു ബദൽ ആഗോളക്രമം സ്ഥാപിക്കാൻ ലോകത്തിന് പുതിയൊരു വലിയ യുദ്ധത്തിന്റെ ആവശ്യമില്ലെന്നും വെല്ലുവിളികളെ നേരിടാൻ കഴിയാത്ത ഐക്യരാഷ്ട്രസഭ സംവിധാനത്തിന്റെ സമൂലമായ പരിഷ്കരണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഷ്കരണം എന്നാൽ നടപടിക്രമപരമായ മാറ്റങ്ങൾ മാത്രമല്ല, മറിച്ച് സമഗ്രമായ ഒരു പുനഃസംഘടന ആവശ്യമാണ്. പ്രത്യേകിച്ച് സുരക്ഷാ കൗൺസിലിലെ അംഗരാഷ്ട്രങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മുൻ ശിപാർശകൾ നടപ്പാക്കണമെന്നും അമീർ തുർക്കി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.