1. കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നു 2. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ആഘോഷപരിപാടികളിൽനിന്ന്
ജിദ്ദ: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും ആഘോഷിച്ചു. സൗദി പടിഞ്ഞാറൻ മേഖലയിലുള്ള ഇന്ത്യൻ സമൂഹത്തിെൻറ സജീവ പങ്കാളിത്തം ചടങ്ങിൽ ദൃശ്യമായിരുന്നു. കോൺസുലേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ദേശീയ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാഷ്ട്രത്തിന് നൽകിയ സന്ദേശം അദ്ദേഹം ചടങ്ങിൽ വായിച്ചു.
ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസികൾ നൽകുന്ന സമർപ്പണത്തെയും സംഭാവനകളെയും കോൺസൽ ജനറൽ തന്റെ പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. കോൺസുലർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനുമായി കോൺസുലേറ്റ് നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ലൈവ് ദേശഭക്തിഗാനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. ഗായകസംഘത്തെയും അവരെ ഒരുക്കിയ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. കോൺസൽ ജനറൽ പ്രവാസികളുമായി ആശയവിനിമയം നടത്തി. ഭാരതീയ ഭക്ഷണ വൈവിധ്യങ്ങൾ വിളിച്ചോതുന്ന വിഭവപ്രദർശനത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.
ജിദ്ദ: ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലും വർണാഭമായ വിവിധ കലാപരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം നടന്നു. കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി ദേശീയ പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. തുടര്‍ന്ന് കോണ്‍സല്‍ ജനറലും പത്നിയും ചേര്‍ന്ന് ത്രിവര്‍ണ ബലൂണുകള്‍ പറത്തി.
ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികള്‍ ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളായി വേഷമിട്ടെത്തിയ ‘പരേഡ് ഓഫ് പ്രൈഡ്’, ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ‘ട്രഡീഷന്‍ ടു ട്രാന്സ്ഫോര്മേഷന്’ എന്ന പ്രമേയത്തില്‍ അവതരിപ്പിച്ച സാംസ്കാരിക നൃത്തങ്ങള്‍ തുടങ്ങിയവ ഇന്ത്യയുടെ പൈതൃകവും സംസ്കാരവും വളര്‍ച്ചയും വിളിച്ചോതുന്നതായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത നൃത്തരൂപങ്ങളും ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളെ ആസ്പദമാക്കിയുള്ള നൃത്തങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.
സൗദി വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികള്‍, ഇന്ത്യൻ സാമൂഹിക പ്രവർത്തകർ, സംഘടന പ്രതിനിധികൾ, രക്ഷിതാക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്കൂള്‍ മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍, പ്രിന്‍സിപ്പൽ, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.