ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സാമൂഹിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതലാണ് പരിപാടി. എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ യംഖൈബം സാബിർ ദമ്മാം, ഖോബാർ, ജുബൈൽ മേഖലകളിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രതിനിധികളും സാമൂഹിക പ്രവർത്തകരുമായും സംവദിക്കും.
ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ അധിവസിക്കുന്ന കിഴക്കൻ പ്രവിശ്യയിൽ എംബസിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി താഴെത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നിലവിലെ പ്രവാസി സേവനങ്ങളും ക്ഷേമപദ്ധതികളും വിലയിരുത്തും. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും തമ്മിൽ നിലനിന്നിരുന്ന പതിവ് ആശയവിനിമയ ശൈലി പുനഃസ്ഥാപിക്കാനും ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ഈ കൂടിക്കാഴ്ച വഴിതുറക്കും.
പ്രവാസികളുടെ പ്രശ്നങ്ങളിൽ സാമൂഹിക പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കി എംബസി പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ ചർച്ചകൾ സഹായിക്കും. സാമൂഹിക പ്രവർത്തകരും കമ്യൂണിറ്റി പ്രതിനിധികളും കൃത്യസമയത്ത് തന്നെ ചടങ്ങിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
തീയതി: ജനുവരി 29, വ്യാഴാഴ്ച
സമയം: വൈകുന്നേരം ഏഴ്
സ്ഥലം: ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.