ജിദ്ദ കേരള പൗരാവലിയുടെ സാംസ്‌കാരിക വിഭാഗം ഉദ്ഘാടനം ചെയ്ത ശേഷം എഴുത്തുകാരൻ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും പരിപാടിയിൽ സംബന്ധിച്ചവരും

അപരനിലൂടെ നമ്മെ കണ്ടെത്താം; വായന വിമോചനത്തിന്റെ ആയുധം -ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ജിദ്ദ: മറ്റുള്ളവരിലൂടെയാണ് നാം സ്വയം തിരിച്ചറിയുന്നതെന്നും ആ തിരിച്ചറിവിലേക്കുള്ള ഏറ്റവും വലിയ ഉപാധി പുസ്തകങ്ങളാണെന്നും പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. ജിദ്ദ കേരള പൗരാവലിയുടെ സാംസ്‌കാരിക വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം അന്വേഷിക്കുന്ന ഒരു മനുഷ്യന്‍ എല്ലാവരിലും ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മെ ചിന്തിപ്പിക്കുകയും ആ അന്വേഷണത്തിന് കരുത്തേകുകയും ചെയ്യുന്ന വലിയ ആയുധം വായനയാണ്.

പ്രവാസം എന്ന വാക്കിനെ അഭിമാനത്തോടെയാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘നമ്മിലെ സ്വാതന്ത്ര്യബോധത്തെ ജ്വലിപ്പിക്കുന്ന ഒന്നാണ് പ്രവാസം. ഗാന്ധിജി പോലും ഒരു പ്രവാസിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്റെ പ്രവാസ ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയാന്‍ ലോകത്തെ സഹായിച്ചത്. സമൂഹത്തിന് നന്മകള്‍ തിരിച്ചുനല്‍കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്. മികച്ച സാഹിത്യം മനസ്സിന്റെ ഭൂപടം വിശാലമാക്കുന്നു.

മനുഷ്യന്‍ സ്വന്തം സങ്കല്പത്തിലൂടെ ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുകയാണ്. പലപ്പോഴും തൊട്ടടുത്തിരിക്കുന്ന അപരിചിതനാകാം നമ്മുടെ രക്ഷകന്‍. അതിനാല്‍ വെറുപ്പിനെ അകറ്റിനിര്‍ത്തണമെന്നും, സ്നേഹിക്കുമ്പോഴാണ് നാം സുന്ദരികളും സുന്ദരന്മാരുമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മറുപടി നൽകി.

ശറഫിയ അബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഉണ്ണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. അബീര്‍ മാര്‍ക്കറ്റിംങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇമ്രാന്‍ ആശംസ നേര്‍ന്നു. ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി കള്‍ചറല്‍ വിംഗിനെ പരിചയപ്പെടുത്തി. സൗദ കാന്തപുരം രചിച്ച ‘മഴമേഘങ്ങളെ പ്രണയിക്കുന്നവള്‍’ എന്ന പുസ്തകം ശിഹാബുദ്ദീന് കൈമാറി. ജിദ്ദ കേരള പൗരാവലി ഭാരവാഹികള്‍ അദ്ദേഹത്തിന് ഉപഹാരം നല്‍കി ആദരിച്ചു. സാംസ്‌കാരിക വിഭാഗം കോഓർഡിനേറ്റർ സഹീര്‍ വലപ്പാട് സ്വാഗതവും റെമി ഹരീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - We can find ourselves through others; Reading is a weapon of liberation -Shihabuddin Poythumkadavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.