ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിർദേശം സ്വാഗതം ചെയ്ത് സൗദി ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

റിയാദ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെയും ശ്രമങ്ങളെയും സൗദിക്ക് പുറമെ ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു.

സമാധാനത്തിലേക്കുള്ള വഴി കണ്ടെത്താനുള്ള ട്രംപിന്റെ കഴിവിൽ അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ അമേരിക്കയുമായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുക, ഗസ്സ പുനർനിർമിക്കുക, ഫലസ്തീൻ ജനതയുടെ കുടിയിറക്കം തടയുക, സമഗ്രമായ സമാധാനം മുന്നോട്ട് കൊണ്ടുപോകുക, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് ഉൾപ്പെടുന്ന പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശത്തെ അവർ സ്വാഗതം ചെയ്തു.

മേഖലയിലെ ജനങ്ങൾക്ക് സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കിക്കൊണ്ട് കരാർ അന്തിമമാക്കുന്നതിനും അതിന്റെ നടപ്പാക്കൽ ഉറപ്പാക്കുന്നതിനും അമേരിക്കയുമായും ബന്ധപ്പെട്ട കക്ഷികളുമായും ക്രിയാത്മകമായും സൃഷ്ടിപരമായും സഹകരിക്കാനുള്ള സന്നദ്ധത രാജ്യങ്ങൾ സ്ഥിരീകരിച്ചു.

ഗസ്സയിലേക്ക് മതിയായ മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കൽ, ഫലസ്തീനികളുടെ കുടിയിറക്കൽ തടയൽ, ബന്ദികളെ മോചിപ്പിക്കൽ, എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഒരു സുരക്ഷാ സംവിധാനം സ്ഥാപിക്കൽ, ഇസ്രായേലിനെ പൂർണ്ണമായും പിൻവലിക്കൽ, ഗസ്സയുടെ പുനർനിർമ്മാണം, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള നീതിയുക്തമായ സമാധാന പ്രക്രിയ സ്ഥാപിക്കൽ എന്നിവ ഉറപ്പാക്കുന്ന ഒരു സമഗ്ര കരാറിലൂടെ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുമായി സഹകരിക്കുന്നതിനുള്ള പൊതുവായ പ്രതിബദ്ധത അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Eight countries, including Saudi Arabia, welcome Trump's call to end Gaza war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.