ജിദ്ദ: നഗരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ രണ്ട് സ്ഥാപനങ്ങളും വാഹനങ്ങളും ജിദ്ദ നഗരസഭ പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ മുട്ടകൾ ശേഖരിക്കുക, പാക്ക് ചെയ്യുക, അവയുടെ കാലാവധി തിരുത്തി വിപണിയിൽ എത്തിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഈ സ്ഥാപനങ്ങളിൽ നടന്നുവന്നിരുന്നത്. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെട്ട രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കാനുമായി സെക്രട്ടേറിയറ്റ് വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തുന്ന ഫീൽഡ് പരിശോധനകളുടെ ഭാഗമായാണ് നടപടി.
നിയമലംഘനം കണ്ടെത്തിയ ഒന്നാമത്തെ സ്ഥാപനം തൊഴിലാളികൾ താമസിക്കുന്ന ഒരു നില കെട്ടിടമായിരുന്നു. ഇവിടെ ഒഴിഞ്ഞ മുട്ടപ്പെട്ടികൾ സൂക്ഷിക്കാനുള്ള ഒരു ഗോഡൗണും മുട്ടകൾ പാക്ക് ചെയ്യാനും പ്രത്യേക സീലുകൾ ഉപയോഗിച്ച് ഉൽപാദന, കാലാവധി തീയതികൾ തിരുത്താനുമുള്ള മറ്റൊരു ഗോഡൗണും കണ്ടെത്തി. അടുത്തുതന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു താമസസ്ഥലത്തും റെയ്ഡ് നടന്നു. നിയമവിരുദ്ധമായി താമസിക്കുന്ന തൊഴിലാളികളാണ് ഇവിടെയും മുട്ടകൾ പാക്ക് ചെയ്യാനും കാലാവധി തിരുത്താനുമായി ഉപയോഗിച്ചിരുന്നത്.
റെയ്ഡിൽ മുട്ട ട്രേ പാക്കിങ് മെഷീനും ഏകദേശം 40,000 ഫിനിഷ്ഡ് പ്രൊഡക്ട് ലേബലുകളും ഡേറ്റ് സ്റ്റാമ്പുകളും പിടിച്ചെടുത്തു. യൂനിവേഴ്സിറ്റി സബ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ നശിപ്പിച്ചു.സ്ഥാപനങ്ങളിൽനിന്നും വാഹനങ്ങളിൽനിന്നുമായി മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 69,400 മുട്ടകളാണ് പിടിച്ചെടുത്തതെന്നും ഇവയെല്ലാം നശിപ്പിച്ചതായും ഗവർണറേറ്റ് സെക്രട്ടേറിയറ്റ് അറിയിച്ചു.
നെഗറ്റിവ് പ്രതിഭാസങ്ങൾ നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലാണ് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, യൂനിവേഴ്സിറ്റി സബ്-മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് എന്നിവയുടെ പങ്കാളിത്തത്തോടെ പരിശോധന കാമ്പയിൻ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.