സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ മനാമയിൽ നടന്ന ജി.സി.സി തല സുരക്ഷ ഉച്ചകോടിയിൽ
സംസാരിക്കുന്നു
ജിദ്ദ: ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. എല്ലാ പാർട്ടികൾക്കും തൃപ്തികരവും അന്തിമവുമായ തീരുമാനത്തിലെത്തുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നതെന്നും ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഞായറാഴ്ച സമാപിച്ച ജി.സി.സി തല സുരക്ഷ ഉച്ചകോടിയിൽ മന്ത്രി വ്യക്തമാക്കി.
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ തങ്ങൾ മുൻകൈയെടുക്കുകയും ശ്രമങ്ങൾ തുടരുകയും ചെയ്യുകയാണ്. അത് സംഭവിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്തും അമേരിക്കയും നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നത് ഗൾഫ് രാജ്യങ്ങളുമായി കൂടിയാലോചിച്ച് വേണമെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി.
സുസ്ഥിര കരാറിലെത്താനുള്ള ഏക മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇൗ വിഷയത്തിൽ മുഴുവൻ കാര്യങ്ങളും ഞങ്ങളുമായി കൂടിയാലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനുമായുള്ള ചർച്ചകളുമായി ബന്ധപ്പെട്ട് എന്താണ് നടപ്പാക്കുന്നതെന്ന് ഞങ്ങളുമായും പ്രാദേശിക പങ്കാളികളുമായും ചർച്ച ചെയ്യേണ്ടതുണ്ട്. ജി.സി.സി രാജ്യങ്ങളുടെ സംയോജനത്തിനും െഎക്യത്തിനും സൽമാൻ രാജാവ് അതിതാൽപര്യമാണ് കാണിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിലിെൻറ ശക്തിയും അതിെൻറ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു.
ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിക്കാൻ ഏക മാർഗം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണെന്നും മധ്യപൗരസ്ത്യ വിഷയങ്ങൾ സംബന്ധിച്ച സൗദിയുടെ നിലപാട് മന്ത്രി വ്യക്തമാക്കി. ഫലസ്തീനും ഇസ്രായേലും തമ്മിൽ ചർച്ചകൾ പുനരാരംഭിക്കുക എന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.