ആർ.എസ്.സി റിയാദ് നോർത്ത് സോൺ സംഘടിപ്പിച്ച വിചാരസദസ്സ്
റിയാദ്: ഭരണഘടനാവിരുദ്ധവും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ള ഫാഷിസ്റ്റ് നീക്കവുമാണ് വഖഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യംവെച്ചിരുന്നത് എന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് നോർത്ത് സോൺ വിചാരസദസ്സ് അഭിപ്രായപ്പെട്ടു.
വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാജ്യത്തെ മതങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ നിയമമെന്നും ദൈവപ്രീതി ലക്ഷ്യംവെച്ച് വകുപ്പ് ചെയ്ത ഭൂമിയുടെ അവകാശം മറ്റൊരാൾക്കും കൈകടത്താൻ മതം അനുവദിക്കുന്നില്ലെന്നും വിവിധ സെഷനുകളിൽ റിയാദിലെ മത സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.
വഖഫ് ട്രസ്റ്റുകളിൽ അമുസ്ലിംകളെ ഉൾപ്പെടുത്തി വഖഫ് ബോർഡിന്റെ അധികാരങ്ങളെ സർക്കാറിലേക്ക് എത്തിക്കുന്നതിനും രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നതിനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്രം ഇത്തരത്തിലുള്ള ഭേദഗതിയിലേക്ക് നീങ്ങുന്നത്. ബില്ലിന് സുപ്രീം കോടതിയിൽ തിരിച്ചടി ലഭിച്ചതും ആശ്വാസകരമാണ്.
മലസിൽ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന വിചാരസദസ്സ് ഐ.സി.എഫ് മുൻ റിയാദ് പ്രൊവിൻസ് സെക്രട്ടറി സൈനുദ്ധീൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. റിയാദ് നോർത്ത് ചെയർമാൻ അഷ്റഫ് സഅദി അധ്യക്ഷതവഹിച്ചു. ശിഹാബുദ്ദീൻ മിസ്ബാഹി, ഷാനിഫ് ഉളിയിൽ, ശിഹാബ് പള്ളിക്കൽ എന്നിവർ സംസാരിച്ചു. നിയാസ് മമ്പ്ര സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.