ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്തഫ തൻവീർ സംസാരിക്കുന്നു
ജിദ്ദ: ലഹരി ഉപയോഗം കൊണ്ട് ഒരാൾക്ക് ലഭിക്കുന്നത് കേവലം നൈമിഷിക സുഖം മാത്രമാണെന്നും അത് കെട്ടടങ്ങുന്നതോടെ കൂടുതൽ പ്രയാസത്തിലായിരിക്കുമെന്നും പ്രമുഖ വാഗ്മിയും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റുമായ മുസ്തഫ തൻവീർ അഭിപ്രായപ്പെട്ടു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘അല്ലാഹുവിന്റെ സ്നേഹം തിരിച്ചറിയുക’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1990കളിൽ പശ്ചാത്യ നാടുകളിൽ യുവാക്കൾക്കിടയിൽ നടമാടിയിരുന്ന ഡി.ജെ പാർട്ടികൾക്ക് കൊഴുപ്പ് കൂട്ടാൻ എം.ഡി.എം.എ പോലുള്ള മയക്കുമരുന്നുകൾ പ്രചാരത്തിലാവുകയും അങ്ങനെ അതിൽ മതിമറന്ന അവസ്ഥക്ക് അന്നത്തെ യുവത വിളിച്ചിരുന്ന പേരായിരുന്നു 'വൈബ്' എന്നത്.
എന്നാലിത് ഇന്ന് നമ്മുടെ നാട്ടിലും വ്യാപകമാവുകയാണ്. ഇത്തരം നൈമിഷിക സുഖങ്ങളൊക്കെ ഒഴിവാക്കിക്കൊണ്ട് യഥാർഥ സുഖം ലഭിക്കുന്നത് ആത്മാവിന്റെ സന്തോഷത്തിലാണെന്ന് നാം മനസ്സിലാക്കണം. നമ്മുടെ സ്രഷ്ടാവുമായി അടുക്കുമ്പോഴാണ് ആത്മാവിന് ആ യഥാർഥ സന്തോഷം ലഭിക്കുന്നത്.
അങ്ങനെ ദൈവത്തിലേക്ക് അടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരനുഗ്രഹമാണ് റമദാൻ മാസത്തിൽ നിർബന്ധമാക്കപ്പെട്ട നോമ്പ്. പലപ്പോഴും പാപങ്ങളിൽ വീണുപോയ നമുക്ക് തിരിച്ചുകയറാൻ സൃഷ്ടാവ് സ്നേഹത്തോടെ ഇട്ടുതരുന്ന കയറാണ് റമദാൻ.
പാപങ്ങളിൽ പെട്ടുപോയ നമുക്ക് തിരിച്ചുകയറാൻ സൃഷ്ടാവ് തന്ന ഈ അവസരത്തിനോട് മുഖം തിരിക്കാതിരിക്കാനുള്ള വിവേകമാണ് നാം കാണിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി. ഷിഹാബ് സലഫി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.