റിയാദ്: ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകൾ ഉപയോഗിച്ച് സൗദി അറേബ്യക്ക് നേരെയുണ്ടായ ശത്രുതാപരമായ ആക്രമണത്തെ ഗൾഫ്, അറബ് രാജ്യങ്ങൾ കടുത്ത ഭാഷയിൽ അപലപിച്ചു. സൗദി അറേബ്യയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പ്രാദേശിക ശക്തികളാണ് പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിൽ തുടരുന്ന ഇത്തരം പ്രകോപനപരമായ നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
സൗദി അറേബ്യയുടെ സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് ഊന്നിപ്പറഞ്ഞ അൽ-ബുദൈവി, രാജ്യത്തിെൻറ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സൗദി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി രാജ്യങ്ങൾ ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി.
സൗദി അറേബ്യയെ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണ ശ്രമത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇതൊരു അസ്വീകാര്യമായ ആക്രമണമാണെന്നും, സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഖത്തർ വിശേഷിപ്പിച്ചു. സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ മുൻകരുതലുകൾക്കും ഖത്തർ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഇറാഖ് വ്യോമാതിർത്തി വഴി സൗദിക്ക് നേരെയുണ്ടായ മൂന്ന് ഡ്രോൺ ആക്രമണങ്ങളെ ജോർദാനും ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടുത്ത ലംഘനമാണെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിെൻറയും നഗ്നമായ ലംഘനമാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം വിലയിരുത്തി.
ഈ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച ബഹ്‌റൈൻ രാജ്യം, ഇത് പ്രാദേശിക സുരക്ഷയെ തകർക്കുന്ന അപകടകരമായ നീക്കമാണെന്നും അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും പ്രസ്താവിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ ഉടനടി നിർണായകമായ നടപടികൾ സ്വീകരിക്കാൻ ഇറാഖ് തയ്യാറാകണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു.
അയൽരാജ്യങ്ങളുടെയും അവിടുത്തെ സമാധാനപ്രിയരായ ജനങ്ങളുടെയും സുരക്ഷ തകർക്കുന്ന തരത്തിൽ ഇറാഖിെൻറ മണ്ണോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കരുത്. സാധാരണക്കാരുടെയും സുപ്രധാന സ്ഥാപനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സമാധാനം നിലനിർത്തുന്നതിനും പ്രാദേശിക-അന്തർദേശീയ സഹകരണം ശക്തമാക്കണമെന്നും ബഹ്‌റൈൻ ആഹ്വാനം ചെയ്തു.
സൗദി അറേബ്യക്ക് നേരെയുണ്ടായ ഈ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിക്കുകയും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിെൻറ പ്രസക്തമായ പ്രമേയങ്ങളുടെയും, പ്രത്യേകിച്ച് പ്രമേയ നമ്പർ 2817-െൻറ തുടർച്ചയായ ലംഘനമാണ് ഈ ആക്രമണമെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.
മേഖലയുടെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ സൗദി അറേബ്യ നടത്തുന്ന എല്ലാ സുരക്ഷാ നടപടികൾക്കും രാജ്യത്തിെൻറ മണ്ണ് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്കും കുവൈത്തിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.