റിയാദ്: സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും ‘സാഹിര്‍’ സംവിധാനത്തില്‍ നിരീക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗം വാഹനാപകടത്തിന് പ്രധാന കാരണമായി കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഇത് സാഹിര്‍ നിരീക്ഷണത്തിലും നിയമ ലംഘനത്തിലും ഉള്‍പ്പെടുത്തുന്നതെന്ന് സൗദി ട്രാഫിക് മേധാവി മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. രാജ്യത്തെ വാഹനാപകട നിരക്കില്‍ അമിത വേഗത ഒഴിച്ചാല്‍ രണ്ടാമത്തെ കാരണം വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതാണെന്ന് പഠനം വ്യക്തമാക്കുന്നു.
വാഹനമോടിക്കുന്നവരില്‍ 13.8 ശതമാനവും മൊബൈല്‍ ഉപയോഗിക്കുന്നവരാണെന്ന് റിയാദ് നഗരത്തില്‍ അധികൃതര്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായി.
മൊബൈല്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും കണ്ടെത്താൻ സാഹിര്‍ കാമറകള്‍ക്ക് സാധിക്കും. ഡ്രൈവര്‍മാർ കുറ്റം സമ്മതിക്കാത്ത വേളയില്‍ ഇത്തരം ദൃശ്യങ്ങള്‍ ഹാജരാക്കാനും ട്രാഫിക് വിഭാഗത്തിന് സാധിക്കും. എന്നാല്‍ കുടുംബങ്ങളായി സഞ്ചരിക്കുന്ന വാഹനങ്ങളില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പൊതുവായ ബോധവത്കരണത്തിന് ട്രാഫിക് വിഭാഗം ഉപയോഗിക്കാറില്ല. മുന്‍സീറ്റില്‍ ഇരിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നതാണ് നിയമമെന്നും അധികൃതര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.